daily

കണ്ണൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച സംസ്ഥാന കേരളോത്സവത്തിലെ നാടകമത്സരത്തിൽ ഒന്നാംസ്ഥാനം നേടി മയ്യിൽ അഥീന നാടക നാട്ടറിവ് വീട്. അമേരിക്കയിൽ ആത്മഹത്യ ചെയ്ത കൗമാരക്കാരിയായ ട്രാൻസ്ജെൻഡർ ലീല ആൽക്കോണിന്റെ ആത്മഹത്യാകുറിപ്പിനെ ആസ്പദമാക്കിയുള്ള ലീല എന്ന നാടകത്തിലൂടെയാണ് പുരസ്കാരലബ്ധി.

സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ശ്രീജിത്ത് പൊയിൽകാവാണ് നാടകത്തിന്റെ രചന നിർ‌വഹിച്ചത്. യുവസംവിധായകനും അഥീന നാടക-നാട്ടറിവ് വീട് ആർട്ടിസ്റ്റിക് ഡയറക്ടറുമായ ജിജു ഒറപ്പടിയാണ് നാടകത്തിന് രംഗഭാഷ്യം ഒരുക്കിയത്. ലീലയിലെ ട്രാൻസ് ജെൻഡർ ലീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദഗോപാലിനെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

മലയാളം നാടകത്തിന് പുറമെ സംഘനൃത്തത്തിൽ ഒന്നാംസ്ഥാനവും ഇംഗ്ലീഷ് നാടകത്തിൽ രണ്ടാം സ്ഥാനവും ഒപ്പനയിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മൂന്നാമത്തെ യൂത്ത് ക്ലബ്ബിനുള്ള പുരസ്കാരവും ടീം അഥീന സ്വന്തമാക്കി. ഇംഗ്ലീഷ് നാടകത്തിലും മികച്ച നടനുള്ള അവാർഡും നന്ദഗോപാലിനാണ്.

വനിതകൾ സെക്രട്ടറിയും പ്രസിഡന്റും ട്രഷററും ഉൾപ്പെടെ ഭൂരിഭാഗം ഭാരവാഹികളായുള്ള അഥീന പ്രവർത്തനം തുടങ്ങി ഒരു വർഷം തികയും മുമ്പാണ് മികച്ച നേട്ടമുണ്ടാക്കിയത്. ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡും അഥീന നാടക നാട്ടറിവ് വീടിന് ലഭിച്ചിരുന്നു.