bird

എന്തൊക്കെയായിരുന്നു ബഹളം. മുണ്ടേരിക്കടവ് പക്ഷി സങ്കേതം സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം പദ്ധതിയായി വരുന്നു. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും സന്ദർശർ ഇവിടേക്ക് ഒഴുകിയെത്തും. വിരുന്നിനെത്തുന്ന പക്ഷികളെ സംരക്ഷിക്കാൻ ബഹുമുഖ പദ്ധതികൾ... അങ്ങനെ നീളുന്നു പ്രഖ്യാപനങ്ങൾ. പക്ഷേ പക്ഷി സങ്കേതം ഇപ്പോഴും ചിറകൊടിഞ്ഞ് കിടക്കുകയാണ്. ജൈവ വൈവിദ്ധ്യ കലവറയായ പക്ഷി സങ്കേതത്തിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതും പതിവാണ്. രാത്രികാലങ്ങളിൽ ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തുന്നവരും കുറവല്ല. ചാക്കുകളിലും മറ്റുമായാണ് മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്. മാലിന്യം നിറഞ്ഞ ടൂറിസം പദ്ധതിയെ ഇപ്പോൾ തിരിഞ്ഞു നോക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്.

ന്യൂസിലാൻഡ്, അലാസ്‌ക, സൈബീരിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം ദേശാടന പക്ഷികൾ ഇവിടെയെത്തുന്നുണ്ട്. ഇത് വേമ്പനാടും തട്ടേക്കാടും രേഖപ്പെടുത്തിയതിനേക്കാൾ കൂടുതലാണ്. ഡോ. സലിം അലി സ്ഥാപിച്ച ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ മലയാളിയായ പക്ഷി നിരീക്ഷകൻ സി. ശശികുമാർ തങ്കത്താറാവിനെ മുണ്ടേരിക്കടവിൽ ആദ്യമായി കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു. തെക്കേ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ബ്രിസ്റ്റിൽഡ് എന്ന പുൽക്കിളിയെയും കണ്ടെത്തി. താറാവ് ഇനത്തിലുള്ള 11 ജല പക്ഷികളിൽ ഒൻപതെണ്ണവും രേഖപ്പെടുത്തിയതോടെയാണ് മുണ്ടേരിക്കടവ് പക്ഷിനിരീക്ഷണ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത്. കേരളത്തിൽ സജീവശ്രദ്ധയാകർഷിക്കുന്ന തണ്ണീർത്തടങ്ങളിലൊന്നാണ് മുണ്ടേരിക്കടവും കാട്ടാമ്പള്ളി തണ്ണീർത്തട മേഖലയും.

അതിഥികളായി കരിമ്പകവും വെൺമ്പകവും

7.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കാട്ടാമ്പള്ളി തണ്ണീർത്തടത്തിന്റെ കേന്ദ്ര ഭാഗമാണ് മുണ്ടേരിക്കടവ്. തങ്കത്താറാവും പെയിന്റന്റ് സ്റ്റോർക്കും കരിമ്പകവും വെൺമ്പകവും ഇവിടെ നിത്യകാഴ്ചയാണ്. വംശനാശം നേരിടുന്ന വലിയ പുള്ളിപ്പരുന്ത്, ചെറിയ പുള്ളിപ്പരുന്ത് എന്നിവയെ ദക്ഷിണേന്ത്യയിൽ മുണ്ടേരിക്കടവിൽ മാത്രമാണ് കണ്ടെത്തിയത്. ഈ കാലയളവിൽ മാത്രം കണക്കുകളനുസരിച്ച് അരലക്ഷത്തിലധികം പക്ഷികളാണ് ഇവിടം സന്ദർശിച്ച് മടങ്ങാറുള്ളത്. ഹിമാലയൻ സാനുക്കളിൽ മാത്രം കാണുന്ന രാജഹംസം മുതൽ തങ്കത്താറാവ് വരെ സീസണിൽ ഇവിടുത്തെ സന്ദർശകരാണ്.

ഈജിപ്റ്റിൽ കണ്ടുവരുന്ന സ്രൈപ്പി ഈഗിളും ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി വരുന്ന സൈബീരിയൻ കൊക്കുക്കളും ഇവിടെ എത്താറുണ്ട്. വരൾച്ചയുടെ ഭാഗമായി മയിലുകളെയും ഈ ഭാഗത്ത് കാണുന്നുണ്ട്. നവംബർ മുതൽ ജനുവരി വരെ ലക്ഷക്കണക്കിന് ദേശാടനപ്പക്ഷികളാണ് ഈ പുഴയോരത്ത് എത്തുന്നത്. 220 ലധികം പക്ഷിവൈവിദ്ധ്യം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം പദ്ധതിക്ക് കീഴിൽ യാതൊരു പ്രവർത്തനവും നടന്നിട്ടില്ല. അന്നത്തെ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 73.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

വെളിച്ചം കാണാതെ ആ പദ്ധതികൾ

തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ റിസർച്ച് ആൻഡ് കൺസൾട്ടൻസി വിഭാഗമായ ഹരിതക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാൽ, കൊവിഡിനെ പദ്ധതി പ്രവർത്തനങ്ങളുടെ ആരംഭം തന്നെ മുടങ്ങിപോകുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി നിർമിച്ച ഗേറ്റ് മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിറുത്തി സഞ്ചാരികൾക്ക് പക്ഷി നിരീക്ഷണത്തിനും ഗ്രാമഭംഗി ആസ്വദിക്കാനും മുണ്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപം നല്കിയ പദ്ധതിയായിരുന്നു ഇത്. സന്ദർശകർക്ക് വിവിധ ടൂർ പാക്കേജുകൾ രൂപ കല്പന ചെയ്യുക, സഞ്ചാരികൾക്ക് വിവരങ്ങൾ നൽകുന്ന കേന്ദ്രവും കരകൗശലവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവ സജ്ജീകരിക്കുക, ശബ്ദമില്ലാതെ ബാറ്ററിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തുക, സഞ്ചാരികൾക്കായി കംഫർട്ട് സ്റ്റേഷൻ, ഇരിപ്പിടങ്ങൾ, തണൽമരങ്ങൾ എന്നിവ സ്ഥാപിക്കുകയായിരുന്നു പദ്ധതിയിലുടെ വിഭാവനം ചെയ്തത്. എന്നാൽ, ഇവയെല്ലാം കടലാസ് പദ്ധതികളായി മാത്രം ചുരുങ്ങി.

ചെമ്പല്ലിക്കുണ്ടിലും ദേശാടനപക്ഷികൾക്ക് ഭീഷണി

മുണ്ടേരി പക്ഷി സങ്കേതത്തോടുള്ള അധികൃതരുടെ അനാസ്ഥയും അവഗണനയും ആകാശത്തോളം വളരുന്നതിനിടെ കുഞ്ഞിമംഗലം ചെമ്പല്ലിക്കുണ്ടിലും ദേശാടനപക്ഷികൾ കടുത്ത ഭീഷണി നേരിടുകയാണ്. ദേശാടനക്കിളികളുടെ പ്രധാന ആവാസ വ്യവസ്ഥയായ ചെമ്പല്ലിക്കുണ്ടിൽ ഇനി അധികകാലം ഇവരുണ്ടാകില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള പ്രദേശം കൂടിയാണിത്. കണ്ടൽസംരക്ഷകനായ കല്ലേൻ പൊക്കുടന്റെ പേരിൽ അറിയപ്പെടുന്ന കണ്ടൽ സ്കൂളും ഇവിടെയാണ്.

ഇവിടുത്തെ ഏക്കറോളം പരന്നു കിടക്കുന്ന തണ്ണീർതടത്തിൽ സിൽവർ ലൈനിനായി കുറ്റിയിട്ടു കഴിഞ്ഞു. ഓരോ സീസണിലും പതിനായിരക്കണക്കിന് പേരറിയാത്തതും അല്ലാത്തതുമായ വിവിധ തരം പറവകൾ പറന്നെത്തിയിരുന്ന ഈ സ്ഥലം ഇനി ഇവർക്ക് അന്യം. ഈ ചതുപ്പിലൂടെയാണ് റെയിൽ കടന്നു പോകുന്നത്.

നേരത്തെ ഇന്ത്യൻ റെയിൽവേ ലൈൻ ചതുപ്പിനെ കീറിമുറിച്ചാണ് കടന്നുപോയത്. വയലപ്ര പാർക്ക് മുതൽ കുഞ്ഞിമംഗലം കൊവ്വപ്പുറം വരെയുള്ള 12 ഏക്കറിലധികം ചതുപ്പാണ് നികത്താൻ പോകുന്നത്. മാത്രമല്ല, ട്രെയിൻ പോകുമ്പോഴുണ്ടാകുന്ന ശബ്ദവും ഇവയുടെ സ്വൈര വിഹാരത്തിന് തടസ്സമാകും.

പക്ഷികളുടെ വൈവിദ്ധ്യമാണ് ചെമ്പല്ലിക്കുണ്ടിന്റെ എടുത്തു പറയേണ്ട പ്രത്യേകത. കേരളത്തിലെങ്ങും കാണാത്ത രാജഹംസം പോലുള്ള പക്ഷികൾ ഇവിടെയെത്തിയിട്ടുണ്ട്.ഹോളണ്ടിന്റെ ദേശീയ പക്ഷിയായ പട്ടവാലൻ ഗോഡിറ്റ്, വിവിധതരം കടൽക്കാക്കകൾ, പെരിഗ്രിൻ ഫാൽക്കൺ, വെസ്റ്റേൺ മാർഷ് ഹരിയർ എന്നിവയും ഇവിടുത്തെ അതിഥികളാണ്.

ദേശാടനക്കിളികളുടെ വരവ് കുറയുന്നു

ആഗോളതാപനത്തിനൊപ്പം പുഴകളിൽ ഉപ്പിന്റെ അംശം കൂടിയതു കാരണം ദേശാടനക്കിളികൾ കേരളം വിടുന്നതിനിടെയാണ് ഈ വെല്ലുവിളിയും. ഇതിനൊപ്പം പ്ളാസ്റ്റിക് മാലിന്യവും ഉപേക്ഷിക്കപ്പെട്ട മത്സ്യ വലകളും വ്യാപകമാകുന്നതും ഇവർക്ക് കടുത്ത ഭീഷണിയായിട്ടുണ്ട്. ഭക്ഷണമാണെന്ന് കരുതി പ്ളാസ്റ്റിക് മാലിന്യം വിഴുന്നതു കാരണം ചത്തൊടുങ്ങുന്ന ദേശാടനക്കിളികളും നിരവധി.

കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര പഠന വിഭാഗം കണ്ടെത്തിയ പഠനം അന്തർദേശീയ ശാസ്ത്ര ജേർണലിലാണ് ഇക്കാര്യം പറയുന്നത്.
ആഗസ്റ്റ് മുതൽ മേയ് വരെ കേരളത്തിൽ ദേശാടനക്കിളികൾ വിരുന്നിനെത്താറുള്ളത്. എന്നാൽ ഈ സീണസിൽ പകുതിപോലും ഇവിടെയെത്തിയില്ല. ഹിമാലയം, യൂറോപ്പ്, മദ്ധ്യേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കേരളത്തിലെ വനങ്ങളിലേക്കും തണ്ണീർത്തടങ്ങളിലേക്കും ഇവ എത്തുന്നത്. എന്നാൽ ഇവയുടെ ആവാസ വ്യവസ്ഥയിൽ വലിയ തോതിൽ ഭീഷണിയുണ്ടായിക്കൊണ്ടിരിക്കയാണ്. പ്ളാസ്റ്റിക് മാലിന്യത്തിന് പുറമെ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും ഇവയെ കുടുക്കുകയാണ്. മൂർച്ചയേറിയ പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ ഉപയോഗിച്ച് കൂടുണ്ടാക്കുന്നതിന്റെ ഭാഗമായി മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ ചത്തുപോകുന്നതും സാധാരണമാണ്. ദേശാടനപ്പക്ഷികൾ വിരുന്നിനെത്തുന്ന ഏത് കടൽത്തീരങ്ങളിലെയും പ്രശ്നങ്ങളെയും അവലോകനം ചെയ്യാവുന്ന പഠനമെന്ന നിലയിലാണ് ജേർണൽ കണ്ടുപിടിത്തത്തെ അവതരിപ്പിച്ചത്.