നീലേശ്വരം: അഞ്ചുദശാബ്ദം മുന്നെ പണിത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീലേശ്വരം ഹോമിയോ ആശുപത്രി സ്ഥലപരിമിതിയിൽ വീർപ്പു മുട്ടുന്നു. 1974ൽ പണിത കെട്ടിടത്തിൽ തന്നെയാണ് ആശുപത്രി ഇന്നും പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കത്താൽ സീലിംഗ് അടർന്ന് വീഴുന്നത് പതിവായിരിക്കയാണ്.

ദിവസവും ഒ.പി. വിഭാഗത്തിൽ 160 ഓളം രോഗികൾ ഇവിടെ എത്തുന്നുണ്ട്. കൂടാതെ സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, വയോജന പരിപാലനകേന്ദ്രം, നാഷണൽ ആയുഷ് മിഷൻ ഫണ്ടിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സൗജന്യമായി ഒ.പി.വിഭാഗത്തിൽ തൈറോയ്ഡ് പരിശോധന എന്നിവ നടത്തുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിനായി ബൂസ്റ്റർ ഡോസ് നൽകിയതിന് വൻ പ്രചാരം ലഭിക്കുകയുണ്ടായി.

ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാൻ മുൻ നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജന്റെ നേതൃത്വത്തിൽ ഹോമിയോ ഡയറക്ടർക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് നൽകിയിരുന്നു. കിടത്തി ചികിത്സയടക്കമുള്ള നീലേശ്വരം ഹോമിയോ ആശുപത്രിയിൽ കെട്ടിടത്തിന്റെ കാലപ്പഴക്കത്താൽ പുതുതായി പ്രോജക്ടുകളൊന്നും നടപ്പിലാക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

സെമിനാർ നടത്തി, പിരിഞ്ഞു

25 സെന്റ് ഉൾക്കൊള്ളുന്ന സ്ഥലത്തുള്ള കെട്ടിടം മാറ്റിപ്പണിയുകയോ പുതിയകെട്ടിടം പണിയുകയോ വേണമെന്ന നിർദ്ദേശം വന്നതിനെ തുടർന്ന് 2018ൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.രാജഗോപാലൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഒരു സെമിനാറും നടത്തിയിരുന്നു. സെമിനാർ നടത്തി പിരിഞ്ഞതല്ലാതെ പിന്നീട് യാതൊരു നീക്കവും നടന്നില്ല.