കാസർകോട്: ദേശീയപാത 66 ൽ കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റി അധികൃതരോട് ജില്ലാ വികസന സമിതിയോഗം നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർ അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചു. എം.രാജഗോപാലൻ എം. എൽ.എ യാണ് വിഷയം ഉന്നയിച്ചത്.

പാലം പരിശോധിച്ചിരുന്നുവെന്നും പാലത്തിന്റെ തെക്ക് ഭാഗത്ത് നിന്നുള്ള മൂന്നാമത്തെയും നാലാമത്തേയും തൂണുകൾ താഴ്ന്നതായി കാണപ്പെടുന്നുണ്ടെന്നും എക്സ്പാൻഷൻ ജോയിന്റ് ക്രമാതീതമായി വികസിച്ചിട്ടുണ്ടെന്നും ദേശീയ പാത അസി.എക്സിക്യുട്ടിവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു. പാലത്തിൽ വാഹനങ്ങൾ പ്രവേശിക്കുമ്പോഴുള്ള കുലുക്കം ബെയറിംഗ് കേടുപാടുകൾ സൂചിപ്പിക്കുന്നുണ്ടെന്നും പാലത്തിന്റെ സൂപ്പർ സ്ട്രക്ചറിന്റെ മൂലകളിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീണിട്ടുണ്ടെന്നും അറിയിച്ചു. അപാകതകൾ പരിഹരിക്കുന്നതിന് മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. എന്നാൽ ദേശീയ പാത വികസന പ്രവൃത്തി നടക്കുന്നതിനാൽ എസ്റ്റിമേറ്റ് അനുമതി ലഭിച്ചിരുന്നില്ല. ദേശീയ പാതയുടെ പരിപാലനവും ദേശീയപാത അതോറിറ്റിയുടെ പ്രവൃത്തിയിൽ ഉൾപ്പെട്ടതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ ദേശീയ പാത വികസന അതോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ എ.ഡി.എം എ.കെ രമേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ് മായ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി വത്സലൻ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, എം.പിയുടെ പ്രതിനിധി സാജിദ് മൗവൽ, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

മറ്റ് നിർദ്ദേശങ്ങൾ...

വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനഃസ്ഥാപിക്കണം

ഇടത്തോട് നീലേശ്വരം റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തണം.

റിസർവ്വേ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ഊർജിത നടപടിയുണ്ടാകണം
മംഗൽപാടി പഞ്ചായത്തിലെ കുബന്നൂർ വിസിബി കംബ്രിഡ്ജ് പുതുക്കി പണിയണം