velladu-villege
വെള്ളാട് വില്ലേജ് ഓഫീസ്

ആലക്കോട്: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകളാക്കി മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചിട്ട് 10 വർഷം പിന്നിട്ടിട്ടും മലയോര മേഖലയിലെ ഏറ്റവും വിസ്തൃതിയുള്ള വെള്ളാട് വില്ലേജിന് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കുഞ്ഞൻ കെട്ടിടം മാത്രം. ആലക്കോട്, നടുവിൽ, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകളിലായി 8029 ഹെക്ടർ സ്ഥലമാണ് ഈ വില്ലേജിന് കീഴിലുള്ളത്.

10 വർഷം മുമ്പുവരെ ഉദയഗിരി ഗ്രാമപഞ്ചായത്തും വെള്ളാട് വില്ലേജ് ഓഫീസിന്റെ പരിധിയിലായിരുന്നു. കരുവൻചാൽ ടൗണിൽ പാലത്തിനടുത്തുള്ള രണ്ടര സെന്റ് സ്ഥലത്താണ് വെള്ളാട് വില്ലേജ് ഓഫീസ് കെട്ടിടം. വില്ലേജ് ഓഫീസർ ഉൾപ്പെടെ 4 ജീവനക്കാരാണ് ജോലിചെയ്യുന്നത്. രണ്ട് കുടുസുമുറികളും ചെറിയ ഒരു വരാന്തയും മാത്രമാണ് ആകെയുള്ളത്. കാലങ്ങളോളം സൂക്ഷിച്ചുവയ്ക്കേണ്ട ഫയലുകൾ സൂക്ഷിച്ചുവയ്ക്കാൻ അലമാരകളോ ഷെൽഫോ ഇല്ലാത്തതിനാൽ ഇവയൊക്കെ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് അട്ടിവച്ചിരിക്കുന്നത് ഇവിടെയെത്തുന്നവർക്ക് കാണാം.

തകർന്നുവീഴാറായ ഈ കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴുള്ള സ്ഥലത്തിനോടുചേർന്ന് റവന്യൂ വക പുറമ്പോക്ക് സ്ഥലം ഉള്ളതിനാൽ കെട്ടിടത്തിനാവശ്യമായ സ്ഥലം ലഭ്യവുമാണ്.

ഇഴജന്തുക്കളും സന്ദർശകർ!

കെട്ടിടത്തിന്റെ ഒരുഭാഗത്ത് കരുവൻചാൽ പുഴയുടെ പുറമ്പോക്ക് ആയതിനാൽ ഇവിടം കാടുമൂടികിടക്കുകയാണ്. കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന്റെ ജനാലകളൊക്കെ തകർന്നതിനാൽ ഇഴജന്തുക്കൾ ഓഫീസിലെ നിത്യസന്ദർശകരാണ്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകൾ ദിവസേന വന്നുപോകുന്ന ഈ വില്ലേജ് ഓഫീസിനോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം.

നാട്ടുകാർ