കാസർകോട്: എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിൽ ഇതുവരെ പൂർത്തീകരിച്ചത് 10,000 കുടുംബങ്ങളുടെ പാർപ്പിട സ്വപ്നങ്ങൾ.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭവനനിർമ്മാണത്തിന് ഒരു ഗുണഭോക്താവിന് നാലു ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. വിദൂരസങ്കേതങ്ങളിലുള്ള പട്ടികവർഗ്ഗ ഗുണഭോക്താവിന് ആറ് ലക്ഷം രൂപ അനുവദിക്കും. ഗ്രാമ പഞ്ചായത്തുകളിൽ ഭവന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നിർമ്മാണ വേളയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 വിദഗ്ധ തൊഴിൽ ദിനങ്ങൾ ലഭിക്കുന്നതിനും അർഹതയുണ്ട്. ജില്ലയിൽ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചട്ടഞ്ചാലിൽ പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്.
ഒന്നാംഘട്ടം
മുൻകാലങ്ങളിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ധനസഹായം ലഭിക്കുകയും എന്നാൽ ഭവന നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാതെ നിർമ്മാണം നിലച്ചു പോയ ഭവനങ്ങൾ കണ്ടെത്തി അത്തരത്തിലുള്ള ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുന്ന പ്രവൃത്തിയാണ് ലൈഫ് മിഷൻ ആദ്യഘട്ടത്തിൽ ഏറ്റെടുത്ത് നടത്തിയത്. അത്തരത്തിൽ ജില്ലയിൽ കണ്ടെത്തിയ 2920 ഗുണഭോക്താക്കളിൽ 2876 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.
രണ്ടാം ഘട്ടം
ഭൂമിയുള്ള ഭവനരഹിതർക്കു വേണ്ടിയുള്ള ഭവന നിർമ്മാണമാണ് രണ്ടാംഘട്ടത്തിൽ. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരുന്നു സർവ്വേ. തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും അപ്പീൽ നൽകാൻ അവസരമുണ്ടായിരുന്നു. ഈ ലിസ്റ്റിൽ ഉൾപ്പെട്ട 3830 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തുകയും ഇവരിൽ 3713 ഗുണഭോക്താക്കൾ പഞ്ചായത്തുമായി കരാറിൽ ഏർപ്പെടുകയും ഭവന നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇതിൽ 3488 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.
മൂന്നാംഘട്ടം
ഭൂരഹിത ഭവനരഹിതർക്ക് ഭൂമിയും വീടും ലഭ്യമാക്കുക എന്ന ദൗത്യമാണ് ലൈഫ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടിട്ടുള്ളത്. ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ നിന്നും സ്വന്തമായോ സർക്കാർ ധന
സഹായം വഴിയോ ഭൂമി ലഭിച്ച എല്ലാവർക്കും ഭവന നിർമ്മാണത്തിനുള്ള ധനസഹായം ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ മുഖേന നൽകി വരുന്നു. ഇത്തരത്തിൽ ഭൂമി ലഭ്യമായവരിൽ 761 പേരിൽ 458 കുടുംബങ്ങളുടെ ഭവന നിർമ്മാണം ജില്ലയിൽ പൂർത്തീകരിച്ചു. എസ് സി, എസി.ടി, ഫിഷറീസ് വകുപ്പ് മുഖാന്തരം ലൈഫ് മിഷന് കൈമാറിയ അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ധനസഹായം നൽകിവരുന്നു. ഇത്തരത്തിൽ അർഹരായി കണ്ടെത്തിയ 1502 കുടുംബങ്ങളിൽ 44 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.