pariyaram
ഉദ്ഘാടനത്തിന് ഒരുങ്ങുന്ന പരിയാരം പൊലീസ് സ്റ്റേഷൻ

തളിപ്പറമ്പ: പുതിയതായി പണികഴിപ്പിച്ച പരിയാരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 8500 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പുതിയകെട്ടിടം.

ദേശീയപാതയിൽ എടക്കാടിനും നീലേശ്വരത്തിനുമിടയിലുള്ള ഏക പൊലീസ് സ്റ്റേഷനാണ് പരിയാരം. പൊലീസിന്റെ പഴയതും പുതിയതുമായ കാലം പ്രമേയമാക്കിയ ചുമർച്ചിത്രങ്ങളടക്കം വൈവിദ്ധ്യപൂർണമായ രീതിയിലാണ് പുതിയ സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങൾ കാർട്ടൂൺ ചിത്രങ്ങളായും ചുമരുകളിലുണ്ട്. രണ്ട് ലോക്കപ്പ് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായി മാറ്റാൻ സ്റ്റേഷന് അകത്തും പുറത്തുമായി ചെടികൾ വച്ചുപിടിപ്പിരിക്കുകയാണ്.മികച്ച ലൈബ്രറിയും ഇവിടെ ഏർപ്പെടുത്തുന്നുണ്ട്. പൊലീസ് സ്റ്റേഷൻ കൂടുതൽ ജനസൗഹൃദമായി മാറ്റാനാവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഹൗസ് ഓഫീസർ പറഞ്ഞു.

ദേശീയപാതയിൽ കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന പൊലീസ് സ്റ്റേഷൻ എന്ന നിലയിൽ ആംബുലൻസ് സൗകര്യവും പരിയാരത്ത് ഏർപ്പാടാക്കിയിട്ടുണ്ട്.

തുടക്കം 2009ൽ

2009 ലാണ് പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. പരിയാരം ടി.ബി.സാനിട്ടോറിയം സൂപ്രണ്ട് ക്വാർട്ടേഴ്സിലായിരുന്നു കഴിഞ്ഞ 11 വർഷമായി സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്. സർക്കാറിൽ നിന്ന് വിട്ടുകിട്ടിയ അരയേക്കർ സ്ഥലത്താണ് പുതിയ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. പൊലീസ് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാക്കണമെന്ന ആവശ്യവും ആഭ്യന്തരവകുപ്പിന്റെ പരിഗണന കാത്തിരിക്കുകയാണ്.