കാസർകോട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നുള്ളിപ്പാടിയിൽ ഡിസംബർ 30 മുതൽ പ്രവർത്തിച്ചു വരുന്ന ഒറോട്ടി കഫെ- കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് ലഭിക്കുന്ന ജനപിന്തുണ കണക്കിലെടുത്ത് മേള ജനുവരി 4 വരെ നീട്ടി.
കുടുംബശ്രീ കഫെ ടീം അംഗങ്ങൾ തയ്യാറാകുന്ന വിഭവങ്ങൾ രുചിച്ചറിയാൻ ദിവസം കഴിയുംതോറും ജനങ്ങൾ ഏറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യമേളയിൽ ഒറോട്ടി, മീൻ പുളിയില ഫ്രൈ, ബീഫ് പള്ളിക്കൂട്ട്, ചിക്കൻ പള്ളിക്കൂട്ട്, എന്നിവ ഏവരുടെയും മനം കവർന്നു. എത്നിക് ഫുഡ് കോർട്ട് പ്രത്യേക ജനശ്രദ്ധ ആകർഷിച്ചു. മധുര തുളസി ഉൾപ്പെടെ വിവിധയിനം ചെടികൾ മേളയുടെ മുഖ്യ ആകർഷണമായി.
മേളയുടെ തുടക്കം മുതൽ ജനപ്രതിനിധികളും ഫുഡ് കോർട്ടിലെത്തി. ആദ്യദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും രണ്ടാംദിനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ സുജാതയും പങ്കെടുത്തു. മൂന്നാം ദിനം എ.കെ.എം അഷ്‌റഫ് എം.എൽ.എയും നാലാം ദിനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയും മേളയിൽ പങ്കെടുത്ത് കുടുംബശ്രീ ഭക്ഷണം രുചിച്ചറിഞ്ഞു. മേളയോടനുബന്ധിച്ച് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.