തൃക്കരിപ്പൂർ: പൊതു സമൂഹത്തിന്റെ വിജ്ഞാന വളർച്ചയ്ക്കും പലവിധ പുരോഗതിക്കും ക്രൈസ്തവസഭയും പള്ളികളും വിദ്യാലയങ്ങളും നിദാനമായതായി കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. സെന്റ് പോൾസ് ഇടവക പള്ളി ആശിർവാദ വാർഷികവും എം.എം.ഐ.സി. സഭാ സ്ഥാപകനും പള്ളി വികാരിയുമായ ഫാദർ ജോസഫ് തണ്ണിക്കോട്ടിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മെത്രാനെയും ഫാദർ ജോസഫ് തണ്ണിക്കോട്ടിനെയും പള്ളി അങ്കണത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് പള്ളിയിൽ ആഘോഷമായ ദിവ്യബലി നടന്നു. ഫാദർ തണ്ണിക്കോട്ടിന് ഇടവകയുടെ ഉപഹാരം ബിഷപ്പ് സമർപ്പിച്ചു. കണ്ണൂർ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, കണ്ണൂർ രൂപതാ പ്രൊക്യുറേറ്റർ ഫാദർ ജോർജ് പൈനാടത്ത്, ഫൊറോനാ വികാരി ഫാദർ തോംസൺ കൊറ്റ്യത്ത്, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അജിത്ത് റോബിൻ, പാരീഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എം.വി. ബർണാഡ്, ഉർസുലൈൻ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ഷേർളി ജോൺ, സെന്റ് പോൾസ് എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് കരീം ചന്തേര, റിട്ട. അധ്യാപിക പി.യു. സുമതി, സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി. ശങ്കരൻ കുട്ടി, മതബോധന മുഖ്യാധ്യാപകൻ കെ.വി. ജോയ്സൺ എന്നിവർ പ്രസംഗിച്ചു. ജൂബിലേറിയൻ ഫാദർ ജോസഫ് തണ്ണിക്കോട്ട് മറുപടി പ്രസംഗം നടത്തി. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.