കൂത്തുപറമ്പ്: കാണികൾക്ക് പുത്തൻ അനുഭവം പങ്കുവച്ച് ഊർപ്പള്ളി മഴയുത്സവം സമാപിച്ചു. മുട്ടോളം ചെളി നിറഞ്ഞ ഊർപ്പള്ളിയിലെ പാഠശേഖരത്തിൽ നടന്ന മഴയുത്സവത്തിൽ നിരവധി പേരാണ് പങ്കാളികളായത്. റൂറൽ പൊലീസ് മേധാവി ആർ ഇളങ്കോയുടെ നേതൃത്വത്തിലുള്ള ടീമും വിഷ്വൽ മീഡിയ ടീമും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്.
പൊലീസ് മേധാവിക്ക് പുറമെ മിസ്റ്റർ ഏഷ്യ ഷിനു ചൊവ്വ, ജില്ലാസ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം,കൂത്തുപറമ്പ് സി ഐ വിനു മോഹൻ, എസ് ഐ സന്ദീപ് ഉൾപ്പെടെയുള്ളവരാണ് ചെളിയിലിറക്കിയത്.തുടർന്ന് കൂത്തുപറമ്പ് പൊലീസും സേവ് ഊർപ്പള്ളിയും തമ്മിൽ നടന്ന മത്സരത്തിൽ സേവ് ഊർപ്പള്ളി വിജയിച്ചു. മഴയുത്സവത്തിന് ആവേശം പകർന്ന് റംഷി പട്ടുവത്തിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. പരിപാടി ഐ.ജി കെ.സേതുരാമൻ ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത അദ്ധ്യക്ഷത വഹിച്ചു തലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ, പി.അനുരൂപ, കെ.പി.ജയേഷ് തുടങ്ങിയവർ സംസാരിച്ചു.