കണ്ണൂർ: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘ ടിപ്പിച്ച ജില്ലാ നിയുക്തി തൊഴിൽ മേളയിൽ 3452 ഉദ്യോഗാർത്ഥികളും 55 ഉദ്യോഗദായകരും പങ്കെടുത്തു. 1163 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും 121 പേർക്ക് നിയമനം നൽകുകയും ചെയ്തു. ആസ്റ്റർ മിംസ്, വാസൻ ഐ കെയർ, ഐ ട്രസ്റ്റ് ഐ കെയർ, യുഎൽടിഎസ്, ബിസിനസ് റിസർച്ച് ആൻഡ് അനലിറ്റിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നിയുക്തി തൊഴിൽ മേള ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷയായി. കോർപറേഷൻ കൗൺസിലർ സി.എം. പത്മജ, ചൊവ്വ എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എം.ആർ രവികുമാർ സ്വാഗതവും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഇൻ ചാർജ്ജ് രമേശൻ കുനിയിൽ നന്ദിയും പറഞ്ഞു. മേളയിൽ ഇന്ത്യൻ വ്യോമസേനയുടെ സ്റ്റാൾ മികച്ച പ്രതികരണം നേടി. ജനുവരി എട്ടിന് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ നടക്കുന്ന നിയുക്തി ജോബ് ഫെസ്റ്റിലും വ്യോമസേനയുടെ സാന്നിദ്ധ്യം ഉണ്ടാവും.