ആലക്കോട്: പരിമിതമായ ജീവനക്കാരുമായി പ്രവർത്തിച്ചുവന്ന ഡിസ്‌പെൻസറിയെ ആശുപത്രിയാക്കി ഉയർത്തിയിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാതെ ആരോഗ്യവകുപ്പ്. ആലക്കോട് പഞ്ചായത്തിലെ നെല്ലിപ്പാറയിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ആശുപത്രിയിലാണ് ഇത് മൂലം രോഗികളും ബന്ധുക്കളും ദുരിതമനുഭവിക്കുന്നത്. 2013 ലാണ് നെല്ലിപ്പാറയിലെ ഡിസ്‌പെൻസറിയെ സംസ്ഥാന സർക്കാർ ആയൂർവേദ ആശുപത്രിയാക്കി ഉയർത്തിയത്.
ഇതിന്റെ ഭാഗമായി ആശുപത്രിക്കാവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ടാക്കി നൽകുകയും ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രിയിൽ പോലും ഇല്ലാതിരുന്ന പഞ്ചകർമ്മ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളോടെയായിരുന്നു ആശുപത്രിയുടെ ഉദ്ഘാടനം നടന്നത്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളെല്ലാമൊരുക്കിയ അധികൃതർ ആശുപത്രിയിലേയ്ക്ക് ആവശ്യമുള്ള ഡോക്ടർമാരെയും മറ്റുജീവനക്കാരെയും നിയമിക്കാതെ ഇക്കാലമത്രയും ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിക്കുകയായിരുന്നു.
ആശുപത്രി വികസനസമിതി സജീവമാണെങ്കിലും ജീവനക്കാരെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡിപ്പാർട്ടുമെന്റ് തലത്തിൽ ചെയ്താൽ മാത്രമേ ഈ ആശുപത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുപോകുകയുള്ളൂ. ആലക്കോട് പഞ്ചായത്ത് ഭരണസമിതിയും താൽക്കാലിക ജീവനക്കാരെ നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം നന്നാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. പക്ഷേ, കൂടുതൽ ഫണ്ട് കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. കാന്റീൻ പ്രവർത്തിപ്പിക്കാൻ പോലും കഴിയാതെയും ക്ലീനിംഗ് ജോലികൾക്ക് ആവശ്യമായിട്ടുള്ള ജീവനക്കാരില്ലാതെയും ആശുപത്രി എങ്ങനെ നന്നാകുമെന്നാണ് രോഗികളുടെ ചോദ്യം.
രോഗികളെ അഡ്മിറ്റ് ചെയ്യാത്തതിനാൽ ഇപ്പോൾ ഡിസ്‌പെൻസറി സൗകര്യം മാത്രമേ ഇവിടെയുള്ളൂ. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ തുടങ്ങിയ പഞ്ചായത്തുകളിലെ നൂറുകണക്കിന് രോഗികൾക്കാണ് ഇവിടെ കിടത്തി ചികിത്സ നിഷേധിക്കപ്പെടുന്നത്. ആദിവാസികളും താഴ്ന്ന വരുമാനക്കാരുമായിട്ടുള്ള ആളുകൾക്ക് സ്വകാര്യ ആശുപത്രികളിൽ പോയി വൻതുക ചെലവഴിച്ച് പഞ്ചകർമ്മ ചികിത്സ നടത്തുവാൻ കഴിയില്ല എന്നിരിക്കെ, സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ ജനങ്ങളെ ദുരിതത്തിലാക്കുന്നു.
നാട്ടുകാർ
മാറ്റം പ്രതീക്ഷിക്കുന്നുണ്ട്
30 കിടക്കകളോടുകൂടിയ ചികിത്സാ സൗകര്യമുള്ള ഈ ആശുപത്രിയിൽ മിനിമം രണ്ട് ഡോക്ടർമാർ വേണമെന്നിരിക്കെ ഒരാളെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. നഴ്‌സിംഗ് സ്റ്റാഫ്, സാനിറ്റേഷൻ, പുൾപീറ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലായി നാമമാത്രമായിട്ടുള്ള ജീവനക്കാർ മാത്രം. നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയതോടെ ഐ.പി വിഭാഗം അടച്ചുപൂട്ടി. അടുത്ത കാലത്ത് ചാർജ്ജെടുത്ത ഇടുക്കി സ്വദേശിനിയായ ഡോക്ടർ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുവാൻ വകുപ്പ് മേധാവികൾക്ക് കത്ത് നൽകിയിരുന്നു.