railway
നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച കണ്ണൂർ റെയിൽവെ സ്റ്റേഷൻ ക്വാർട്ടേഴ്സ്

കണ്ണൂർ:നിർമ്മാണം പാതിവഴിയിലായിരിക്കെ ഉപേക്ഷിച്ച കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കെ കവാടത്തിന് സമീപത്തുള്ള ക്വാർട്ടേഴ്സ് സാമൂഹ്യ വിരുദ്ധർക്ക് താവളമാകുന്നു.പകൽ സമയത്തു പോലും കഞ്ചാവ് ,​മദ്യ ഉപഭോഗത്തിന് ഒരു സംഘമാളുകൾ തിരഞ്ഞെടുക്കുന്നത് ആളൊഴിഞ്ഞ ഈ ഇടമാണ്.

12 ക്വാർട്ടേഴ്സുകളാണ് ഇവിടെ കഴിഞ്ഞ നാലുവർഷമായി ഉപയോഗശൂന്യമായി കിടക്കുന്നത്. 2018ലാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് നിർമ്മാണം ഒഴിവാക്കുകയായിരുന്നു.

റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപത്താണ് ഈ ക്വാട്ടേഴ്‌സ് . നിലവിൽ കാടുകേറിയ കെട്ടിടം ഇടിഞ്ഞ് പൊളിയാറായ സ്ഥിതിയിലാണ്.അധികൃതരുടെ കടുത്ത അനാസ്ഥയാണ് പ്രവ‌‌ൃത്തി പൂർത്തിയാക്കാത്തതിന് പിന്നിലെന്നാണ് ആക്ഷേപം.

റെയിൽ ജീവനക്കാർക്ക് ഏറെ ഉപയോഗപ്പെടുന്ന ക്വാർട്ടേഴ്സിന്റെ പ്രവൃത്തി പുനരാരംഭിക്കണമെന്ന ആവശ്യം ഇപ്പോഴുമുയരുന്നത്.നേരത്തെ കെട്ടിടത്തിലെ ഏതാനും ക്വാട്ടേഴ്സുകളിൽ താമസക്കാരുണ്ടായിരുന്നു.എന്നാൽ മതിയായ സൗകര്യമില്ലാത്തതിനാലും തുടർപ്രവൃത്തി നടത്താത്തിനാലും ഇവർ ഒഴിവായി.

അറുപത് ശതമാനം നിർമ്മിച്ച് ഒഴിവാക്കി

60 ശതമാനം പൂർത്തിയായ ശേഷമാണ് പ്രവൃത്തി ഒഴിവാക്കിയത്. ജനലും വാതിലും ഘടിപ്പിച്ചതിന് പുറമെ പ്ലംബിംഗും നിലംപണിയും പൂർത്തിയാക്കിയിരുന്നു. പരിചരണമില്ലാതെ മഴയും വെയിലുമേറ്റ് വാതിലും ജനാലകളും ദ്രവിക്കുകയാണ്. ആകെ 18 ക്വാർട്ടേഴ്സുകൾ നിർമ്മിക്കാനാണ് തീരുമാനിച്ചത്.ആലോചനയില്ലാതെ പ്രവൃത്തി തുടങ്ങി പാതിവഴിയിലാക്കി സർക്കാർ പണം നഷ്ടപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.