നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ കൂവാറ്റി ചാലിനു കുറുകെ കല്ലടുക്കം - എടയോടിയിൽ പണിയാൻ പദ്ധതിയിട്ട റഗുലേറ്റർ കം ബ്രിഡ്ജ് അനിശ്ചിതത്വത്തിൽ. 2018ൽ പദ്ധതിക്കു വേണ്ടി മണ്ണു പരിശോധന നടത്തിയതല്ലാതെ പിന്നീടുള്ള പ്രവർത്തനം ഒന്നും നടന്നിട്ടില്ല.
കാർഷിക ജലസമൃദ്ധിക്കും കുടിവെള്ള ക്ഷാമം പരിഹരിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. നിലവിൽ കൂവാറ്റി ചാലിൽ ജലനിധിയുടെ മൂന്നോളം കിണറുകളുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ജലനിധിയുടെ കിണറുകളിൽ വെള്ളം ഉയരാനും സാദ്ധ്യതയേറെയാണ്. ഇതുകൂടാതെ റോഡ് പാലം യാഥാർത്ഥ്യമായാൽ ചോയ്യങ്കോട്, കല്ലടുക്കം, എടയോടി വഴി മടിക്കൈ മൂന്നുറോഡിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. ഇപ്പോൾ മഴക്കാലത്ത് കൂവാറ്റിച്ചാൽ കരകവിഞ്ഞാൽ കൂവാറ്റി പാലം വഴി ചുറ്റി വേണം മടിക്കൈ മൂന്ന് റോഡിലേക്കെത്താൻ. നിലവിൽ ചോയ്യങ്കോട്-കല്ലടുക്കം വരെ സമീപ റോഡ് ഉണ്ടെങ്കിലും ചാലിന്റെ മറുഭാഗത്തെ എടയോടിയിൽ സമീപറോഡും പണിയേണ്ടതുണ്ട്.
കല്ലടുക്കം എടയോടി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഡിസൈൻ തിരുവനന്തപുരം ഇറിഗേഷൻ വിഭാഗത്തിൽ അയച്ചിട്ടുണ്ട്. ഡിസൈൻ വന്നു കഴിഞ്ഞാൽ മാത്രമെ തുടർ നടപടികളിലേക്ക് നീങ്ങാൻ പറ്റുകയുള്ളു.
മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സുധാകരൻ.