പയ്യന്നൂർ: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ബുധനാഴ്ച പയ്യന്നൂർ ഹോട്ടൽ ജുജു ഇന്റർനാഷണലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 11 മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 135 പ്രതിനിധികളും 35 ജില്ല കമ്മിറ്റി അംഗങ്ങളും നിശ്ചയിക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങളും അടക്കം 180 പേർ പങ്കെടുക്കുന്ന സമ്മേളനം രാവിലെ 10ന് ജില്ലാ പ്രസിഡന്റ് വി. ജയകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് 3ന് ടൗണിൽ വിളംബര ജാഥയും 4 ന് ടൗൺ സ്ക്വയറിൽ മാദ്ധ്യമ സെമിനാറും നടക്കും. ടി.ഐ. മധുസൂദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വി. ജയകൃഷ്ണൻ, പി. ശശികുമാർ, എ.വി. ശശികുമാർ, കെ. സജീവ് കുമാർ, അനിൽ മംഗലത്ത്, എം.വി. ദീപു, കെ.വി. രാജൻ എന്നിവർ പങ്കെടുത്തു.