കണ്ണൂർ: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 70 കേസുകൾ പരിഗണിച്ചതായും 20 എണ്ണം തീർപ്പാക്കിയതായും കമ്മീഷൻ അംഗം ഇ.എം രാധ അറിയിച്ചു. എട്ട് കേസുകളിൽ വിവിധ വകുപ്പുകളിൽനിന്നും പൊലീസിൽ നിന്നും റിപ്പോർട്ട് തേടി. 42 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനത്തിലൂടെ പരാതികൾ താഴേ തട്ടിൽ പരിഹരിക്കാൻ കഴിയുമെന്ന് ഇ.എം. രാധ പറഞ്ഞു. മട്ടന്നൂർ നഗരസഭയിലെ ജാഗ്രതാ സമിതി സംഘടിപ്പിച്ച അദാലത്തിൽ പങ്കെടുത്ത് നാല് പരാതികൾ പരിഗണിച്ചതായി അവർ പറഞ്ഞു. ലിംഗ സമത്വം, വിവാഹ പൂർവ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ കോളേജ് തലത്തിൽ ബോധവത്കരണത്തിന് ഊന്നൽ നൽകാൻ കമ്മീഷൻ ഉദ്ദേശിക്കുന്നതായും അവർ പറഞ്ഞു. കമ്മീഷൻ അഭിഭാഷക പാനലിലെ കെ.എം. പ്രമീള, കെ.പി. ഷിജി, ബാസുരി, പി. വിമലകുമാരി എന്നിവരും പരാതികൾ പരിഗണിച്ചു.