തലശ്ശേരി: ധർമ്മടം മീത്തലെപീടിക, ചിറക്കുനി റോഡിലുള്ള ബസ് ഷെൽട്ടർ പൊളിച്ചുമാറ്റണമെന്ന പൊതുമരാമത്തിന്റെ നോട്ടീസിനെ ചൊല്ലി രാഷ്ട്രീയ വിവാദം. വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ച ഷെൽട്ടർ മേലൂർ-അണ്ടലൂർ റോഡ് ദേശീയപാതയുമായി ചേരുന്നിടത്തെ ഇറക്കത്തിലാണ്. തലശ്ശേരി- കണ്ണൂർ ഭാഗത്തു നിന്നും ചിറക്കുനി ഭാഗത്തേക്ക് തിരിഞ്ഞു വാഹനങ്ങൾ കയറുമ്പോഴും, ദേശീയപാതയിലേക്ക് ഇറങ്ങുമ്പോഴും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.
വാഹന പെരുപ്പം കൂടിയതോടെ തിരക്കും തടസവും ഒഴിവാക്കാൻ ഇവിടെ പകൽസമയം പൊലീസിന്റെയും ഹോം ഗാർഡിന്റെയും സാന്നിദ്ധ്യവുമുണ്ട്. എന്നാൽ ഇരുദിശകളിൽ നിന്നും ഒരേ സമയം ബസുകൾ ഉൾപെടെ വലിയ വാഹനങ്ങൾ എത്തുമ്പോൾ പൊലീസിനും ഗതാഗത നിയന്ത്രണം അസാദ്ധ്യമാണ്. ഇതേ തുടർന്നാണ് റോഡിൽ സൗകര്യം കൂട്ടാനായി ഷെൽട്ടർ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കിയതെന്നാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ വാദം.
എന്നാൽ, ഷെൽട്ടർ യാതൊരു കാരണവശാലും പൊളിക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനം. പ്രതിഷേധ സൂചകമായി കഴിഞ്ഞദിവസം തലശ്ശേരിയിലെ പി.ഡബ്‌ള്യു.ഡി. ഓഫീസിന് മുന്നിൽ ധർമ്മടം മണ്ഡലം കമ്മിറ്റി ധർണയും നടത്തി. മീത്തലെ പീടികയിൽ വിശദീകരണ യോഗവുമുണ്ടായി. റോഡ് വികസനം അനിവാര്യമായതിനാൽ ഷെൽട്ടർ നീക്കിയേപറ്റൂവെന്നാണ് പൊതുമരാമത്തിന്റെ നിലപാട്. ധർമ്മടം ഗ്രാമ പഞ്ചായത്തും ഇതിനെ പിന്തുണയ്ക്കുന്നു. ഷെൽട്ടർ ദേശീയപാതയോരത്ത് ധർമ്മടം സഹകരണ ബാങ്ക് ശാഖയുടെ മുൻവശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നിർദ്ദേശവുമുണ്ടെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.