ആലക്കോട്: കൊവിഡിന്റെ കടന്നുവരവോടെ നിലച്ചുപോയ കായിക വിനോദങ്ങളിൽ മലയോര ജനത എക്കാലവും നെഞ്ചേറ്റിയ വോളിബാളും ആവേശം വീണ്ടെടുക്കുന്നു. വോളിബാൾ കളിക്കളങ്ങൾ നിശ്ചലമായത് കായികപ്രേമികളെ വലിയതോതിൽ നിരാശരാക്കിയിരുന്നു. കഴിഞ്ഞ രണ്ടുവർഷം കലാ-കായിക വിനോദങ്ങളെല്ലാം നിലച്ചതിനാൽ നാട് മൂകതയിലായിത്തീരുകയും ചെയ്തു. കൊവിഡ് ഭീഷണി നിലനിൽക്കുകയാണെങ്കിലും പതിയെ നാടുണരുന്ന കാഴ്ചയാണെങ്ങും.
കരുവൻചാൽ ടൗണിനടുത്തുള്ള പുഴയുടെ പുറമ്പോക്ക് ഭൂമിയിൽ വോളിബാൾ പ്രേമികളായ ഒരുപറ്റം ചെറുപ്പക്കാർ കോർട്ട് നിർമ്മിച്ച് വൈകുന്നേരങ്ങളിൽ വോളിബാൾ കളിക്കുന്നത് വേനൽക്കാലത്തെ കുളിർമയുള്ള കാഴ്ചയായി. പന്ത് പുഴയിലും ചുറ്റുമുള്ള കാട്ടിനുള്ളിലും ചെന്നുവീഴാതിരിക്കുവാൻ നൈലോൺ വല കൊണ്ട് കോർട്ടിനു ചുറ്റും വേദിയും നിർമ്മിക്കുന്നതിനാൽ പന്ത് ദൂരേക്ക് പോവുകയുമില്ല. രണ്ടുവർഷത്തോളമായി കളിക്കളത്തിലേയ്ക്ക് ആരും കടന്നുവരാതിരുന്നതോടെ കാടുമൂടിക്കിടന്ന കോർട്ട് പഴയതുപോലെയാക്കിയെടുക്കാൻ നന്നായി അദ്ധ്വാനിക്കേണ്ടി വന്നു.

കളിക്കാർ മാത്രമല്ല, കാണികളുമുണ്ട്

കോർട്ടിൽ പഴയ വീറും വാശിയുമൊക്കെ തിരിച്ചെത്തുമ്പോൾ നിരവധിയാളുകളാണ് പന്തുകളി കാണാനെത്തുന്നത്. നൂറിലധികം വോളിബാൾ കോർട്ടുകളും ഇരുപതോളം പ്രമുഖ ടൂർണ്ണമെന്റുകളും നടന്നുവന്നിരുന്ന ആലക്കോട് മേഖലയിൽ വിരലിലെണ്ണാവുന്നത്ര വോളിബാൾ കോർട്ടുകളാണ് അവശേഷിക്കുന്നത്. ഇതിനിടയിലാണ് കൊവിഡ് തീർത്ത പ്രതിസന്ധിയും വോളിബാളിനെ തളർത്തിയത്.

മലയോരത്തിന്റെ ജനകീയ കായികവിനോദമായ വോളിബാളിന് പുതുതലമുറയ്ക്കിടയിൽ വേരോട്ടം കുറയുന്നു എന്നതും വേദനിപ്പിക്കുന്ന കാര്യമാണ്.

വോളിബാൾ പ്രേമികൾ