bus
പൊടിക്കുണ്ടിൽ കത്തി നശിച്ച ബസ്സിന്റെ ഉൾഭാഗം

കണ്ണൂർ: കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ പള്ളിക്കുന്നിന് സമീപം പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.നഗരത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കിയാണ് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസ് കത്തിച്ചാമ്പലായത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ- കോലത്തുവയൽ റൂട്ടിലോടുന്ന മായാസ് ബസാണ് കത്തിചാമ്പലായത്.

കോലത്തുവയലിൽ നിന്നും കണ്ണൂർ നഗരത്തിലേക്ക് വരികയായിരുന്ന ബസിന് പൊടിക്കുണ്ട് മിൽമയുടെ സമീപത്ത് വച്ചാണ് തീപിടിച്ചത്. ഗിയർ ബോക്‌സിൽ നിന്നാണ് തീപിടർന്നതെന്ന് യാത്രക്കാരായ ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തിയാത്രക്കാരോട് ഇറങ്ങി ഓടാൻ ആവശ്യപ്പെടുകയായിരുന്നു.ഉടൻ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. പിന്നാലെ ബസ് പൂർണമായി കത്തിനശിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കണ്ണൂരിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. തീപിടിത്തത്തെ തുടർന്ന് കണ്ണൂർ-കാസർകോട് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അപകടവിവരമറിഞ്ഞ് സ്ഥലത്ത് നൂറുകണക്കിനാളുകൾ എത്തിയിരുന്നു. കണ്ണൂർ, വളപട്ടണം പൊലിസും സ്ഥലത്തെത്തി. തലനാരിഴയ്ക്കാണ് വൻദുരന്തമൊഴിവായത്. അപകടം നടന്ന സ്ഥലത്ത് ഇരുന്നൂറ് മീറ്റർ ചുറ്റളവിൽ രണ്ടു പെട്രോൾ പമ്പുകളും നിരവധി സ്ഥാപനങ്ങളുമുണ്ട്. കണ്ണൂർ സെൻട്രൽ ജയിലും ഇതിനു അടുത്താണ്. തീപിടിച്ച ബസിൽ നിന്നും മറ്റിടങ്ങളിലേക്ക് തീപടരാത്തതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ. കണ്ണൂർ നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സമയത്താണ് ബസ് കത്തിയമർന്നത്.