erikulam
എരിക്കുളത്തെ പച്ചക്കറി കൃഷി

കാഞ്ഞങ്ങാട്: മൺപാത്ര നിർമ്മാണത്തിൽ പേരുകേട്ട മടിക്കൈ എരിക്കുളം ഇപ്പോൾ പച്ചപ്പിന്റെ വഴിയിലാണ്.ഏറെക്കാലമായി തരിശ്ശിട്ടിരുന്ന എരിക്കുളം വയലിലെ നാൽപത് ഏക്കറിൽ മത്തനും വെള്ളരിയും കക്കിരിയും പടർന്ന് ഹരിതാഭ പരത്തുന്ന കാഴ്ചയാണുള്ളത്.

ഇവിടെ കർഷകരുടെ കൂട്ടായ്മ ആരംഭിച്ച പച്ചക്കറി കൃഷി പതിനഞ്ച് വർഷത്തിലാണിപ്പോൾ. അറുപത് കുടുംബങ്ങളുടെ നിശ്ചയദാർഢ്യമാണ് എരിക്കുളത്തിന്റെ പച്ചക്കറി വിജയത്തിന് പിന്നിൽ. ഓരോ വർഷവും 500 ടൺ പച്ചക്കറിയാണ് ലഭിക്കുന്നത്.

ചീര, പയർ, മത്തൻ എന്നിങ്ങനെ എല്ലാ വിളകളുമുണ്ട്. രാവിലെയും വൈകീട്ടുമായി കുടുംബ സമേതം ഇറങ്ങി മറ്റ് ജോലിക്ക് തടസമാകാതെയാണ് കൃഷി. പണ്ട് കന്നുകാലികളെ ഇറക്കി മേയ്ച്ചിരുന്ന ഇടമാണ് ഇവർ കൃഷിക്ക് ഉപയുക്തമാക്കിയത്. കൃഷി തുടങ്ങുന്ന കാലത്ത് വെള്ളത്തിന് ക്ഷാമവും ഉണ്ടായിരുന്നു. പിന്നീട് കുളങ്ങളും കുഴൽ കിണറും നിർമ്മിച്ചു. .കാർഷിക സർവകലാശാലയുടെയും ഹൈബ്രിഡ് വിത്തിനങ്ങളും ഉപയോ​ഗിക്കുന്നതിനാൽ അത്യുത്പാദനമാണ് ലഭിക്കുന്നത്. വിശാലമായ വയലായതിനാൽ കീട ബാധയും കുറവാണ്. കീടനാശിനികളൊന്നും ഇവർ ഉപയോ​ഗിക്കാറില്ല. ചില സീസണിൽ വിലയിടിവും മഴയും ഇവരെ കണ്ണീരിലാക്കാറുണ്ട്. കണ്ണൂർ ജില്ലയിൽ വരെ എരിക്കുളത്തെ പച്ചക്കറി എത്തുന്നുണ്ട്. വിപണി കണ്ടെത്താൻ സർക്കാർ ഏജൻസികൾ വഴിയൊരുക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

നെൽക്കൃഷിയോടെ തുടക്കം

ജൂണിൽ ഇറക്കുന്ന നെൽക്കൃഷി ഒക്ടോബറിൽ കൊയ്യുന്നതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കായി ഇവർ നിലം ഒരുക്കുന്നത്. ഏപ്രിലിൽ വിളവെടുത്താൽ വിഷുവിന് പിറ്റേന്ന് മൺപാത്ര നിർമ്മാണത്തിനായി കളിമൺ ശേഖരിക്കലാണ്. ശ്രീവേട്ടക്കൊരു മകൻ ക്ഷേത്രത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി പാട്ടത്തിനെടുത്താണ് കൃഷി. സ്ഥല ഉടമകളാരും പാട്ടത്തുക പോലും വാങ്ങാറില്ല.