
കണ്ണൂർ: മാവേലി എക്സ്‌പ്രസിൽ കഴിഞ്ഞ ദിവസം പൊലീസ് അതിക്രമത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു. സ്ഥിരം കുറ്റവാളിയും കൂത്തുപറമ്പ് നീർവേലി സ്വദേശിയുമായ പൊന്നൻ ഷമീറാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ഷമീറിനെ റെയിൽവേ പൊലീസ് എ.എസ്.ഐ എം.സി. പ്രമോദ് ട്രെയിനിൽ വച്ച് നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. എന്നാൽ, വടകര സ്റ്റേഷനിൽ ഇറക്കിവിട്ട ഷമീറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷമീറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
2011, 2016 കാലയളവിൽ മാനഭംഗം, വധശ്രമം, മാല മോഷണം, ക്ഷേത്ര ഭണ്ഡാരക്കവർച്ച എന്നിങ്ങനെ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നാലുകേസുകൾ നിലവിലുണ്ടെന്നും സ്ഥിരം മദ്യപനുമാണെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചു.
സംഭവം വിവാദമായതോടെ എ.എസ്.ഐ എം.സി. പ്രമോദിനെ ഇന്റലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാർ സസ്പെൻഡ് ചെയ്യുകയും റെയിൽവേ അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.