jelly
ജെല്ലി ഫിഷ്

തൃക്കരിപ്പൂർ: കടൽ ചൊറി എന്നറിയപ്പെടുന്ന ജെല്ലിഫിഷുകളുടെ കായലുകളിലേക്കുള്ള കുടിയേറ്റം മത്സ്യ തൊഴിലാളികളുടെ അന്നം മുട്ടിക്കുന്നു. കവ്വായി കായലിലാണ് ജെല്ലി ഫിഷുകൾ മൂലം മത്സ്യ തൊഴിലാളികൾക്ക് പുഴയിലിറങ്ങാൻ കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ച യായി കവ്വായി കായലിലെ വലിയപറമ്പ്, ഇടയിലെക്കാട്, മാടക്കാൽ തുടങ്ങിയ മേഖലകളിലൊക്കെ കൂട്ടത്തോടെ വിലസുകയാണ് ഇവ. നീല,​ തവിട്ട് പുറംതൊലിയുള്ള ജെല്ലി ഫിഷുകളാണ് ജലോപരിതലത്തിൽ നീന്തിത്തുടിച്ച് മത്സ്യതൊഴിലാളികൾക്ക് ദുരിതം സമ്മാനിക്കുന്നത്.

കായലിലെ മൽസ്യബന്ധന തൊഴിലാളികൾക്ക് ചെറിയ കഷ്ടപ്പാടല്ല ഇവ വരുത്തിവെക്കുന്നത്. വലയിൽ ഇവ കുരുങ്ങിയാൽ തൊഴിലാളികൾക്ക് മുട്ടൻ പണിയായി. വലയിൽ നിന്നും ഇവയെ നീക്കാൻ ഏറെ സാഹസപ്പെടണം. ഇവയെ മുട്ടിയാൽ ശരീരം ചൊറിഞ്ഞ് അസ്വസ്ഥതയുണ്ടാകും. ഇതുമൂലം തൊഴിലാളികൾ ഇവിടങ്ങളിൽ തോണിയിറക്കാൻ മടിക്കുകയാണ്. ഡിസംബർ,​ജനുവരി മാസങ്ങളിലാണ് സാധാരണ നിലയിൽ ഇവയുടെ ശല്യം രൂക്ഷമാകുന്നത്.

ചൈനക്കാരുടെ വിശിഷ്ട ഭക്ഷണം

ജെല്ലിഫിഷ് ചൈന, ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങൾ വിശിഷ്ട ഭക്ഷണമായാണ് കാണുന്നത്. ബിസ്‌കറ്റ് നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്.

ജെല്ലിഫിഷ്

പേരിൽ ഫിഷ് ഉണ്ടെങ്കിലും മത്സ്യമല്ല. തുറന്നുവച്ച കുടയുടെ ആകൃതിയിലുള്ള ഉടലും താഴേക്ക് നീണ്ടുകിടക്കുന്ന വേരുകൾ പോലുള്ള ടെന്റക്കിളുകളും ഉള്ളതാണ് ശരീരഘടന. ടെന്റക്കിളുകൾ ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ, മീൻമുട്ടകൾ, വിര എന്നിവ ആഹാരമാകും. തലച്ചോർ ഇല്ലാത്ത ജീവിയാണ് ജെല്ലിഫിഷ്. ത്വക്കിലൂടെയാണ് ശ്വസിക്കുന്നത്.

ടെന്റക്കിളുകളുടെ നീളം: 20 30 സെന്റിമീറ്റർ

ശരീരത്തിലെ വെള്ളം: 90 %

ആയുസ്: 2 വർഷം