sun
sun

കണ്ണൂർ: വേനൽ കടുക്കുന്നതിന് മുൻപെ കണ്ണൂർ കത്തുന്നു. പകൽനേരങ്ങളിൽ ഹൈവോൾട്ടേജ് ചൂടാണ് കണ്ണൂരിൽ അനുഭവപ്പെടുന്നത്. ജനുവരി മൂന്നിന് 35.9 ഡിഗ്രി സെൽഷ്യസാണ് താപനില പകൽനേരത്ത് അനുഭവപ്പെട്ടത്. ചൂടു കൂടുമ്പോൾ തണുപ്പ് മെല്ലെ കുറയുന്നതാണ് ഇപ്പോഴുള്ള പ്രത്യേകത.ഡിസംബറിൽ 20 ഡിഗ്രി സെൽഷ്യസിലെത്തിയ രാത്രി താപനില ജനുവരി മൂന്നാകുമ്പോഴെക്കും 24.1 ഒരു ഡിഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം കാരണം പകർച്ചാ പനിയും ക്ഷീണവും ആളുകളിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്.

പകൽ വേനൽ ചൂട് എരിഞ്ഞടങ്ങുമ്പോൾ സന്ധ്യ മുതൽ തണുപ്പു തുടങ്ങുന്നതു ആരോഗ്യനിലയെ താളം തെറ്റിക്കുകയാണ്.കേരളത്തിലെ കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടുന്ന പ്രധാന ജില്ലകളിലൊന്നായി കണ്ണൂരും മാറി കഴിഞ്ഞുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇത്തരമൊരു മാറ്റം മുൻകാലങ്ങളിൽ അനുഭവപ്പെട്ടിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

വീശുന്നു ചൂടുകാറ്റ്

തിളക്കുന്ന അറബിക്കടലിൽ നിന്ന് തീരനഗരമായ കണ്ണൂരിലേക്ക് അതിശക്തമായി ചൂടുകാറ്റ് അടിക്കാൻ ഇടയാക്കുന്നുണ്ട് .കണ്ണൂർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഡിസംബർ 29 ന് കണ്ണുരിലെ ചൂട് 34.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂരിൽ റിപ്പോർട്ടു ചെയ്തത് .ഇതേ മാസം 27 ന് ചൂട് 34.3 സെൽഷ്യസായിരുന്നു ഡിസംബർ 13ന് രാജ്യത്ത് ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തത് കണ്ണൂരിലായിരുന്നു' 35.9 ഡിഗ്രി സെൽഷ്യസാണ് അന്ന് രേഖപ്പെടുത്തിയത് ഡിസംബറിൽ ചൂടു കൂടിയപ്പോഴും തണുപ്പിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഡിസംബർ 29നാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 21.4 ഡിഗ്രി സെൽഷ്യസാണ് അന്ന് രേഖപ്പെടുത്തിയത്.

കാലാവസ്ഥാവ്യതിയാനം കൂടുതൽ

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലാവസ്ഥ വ്യതിയാനമുണ്ടായ ജില്ലകളിലൊന്ന് കണ്ണൂരാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് 'ഡിസംബറിൽ തന്നെ അനുഭവപ്പെടുന്ന കൊടുംചൂട് മാർച്ച് മുതൽ മേയ് മാസം വരെ അതിന്റെ പാരമ്യത്തിലെത്തുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. 60 ശതമാനം മഴ അധികം ലഭിച്ച മൺസൂണാണ് പിന്നിട്ടത്. തുലാവർഷത്തിലും മഴ ഗണ്യമായ അളവിൽ കൂടുതൽ കിട്ടി. ഇതു കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കുമെങ്കിലും അത്യുഷ്ണം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയേക്കും. അത്യുഷ്ണം തുടരുകയാണെങ്കിൽ നിർജലീകരണം ഒഴിവാക്കാനായി തൊഴിലാളികൾക്ക് സമയക്രമീകരണം ഏർപ്പെടുത്താനും ബോധവത്ക്കരണം നൽകാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


'റോഡുവികസനത്തിന്റെ ഭാഗമായി തണൽമരങ്ങൾ മുറിച്ചു കളഞ്ഞതും യാതൊരു നിയന്ത്രണവുമില്ലാതെ കോൺക്രീറ്റ് കെട്ടിട സമുച്ചയങ്ങൾ ഉയർന്നതും കണ്ണൂർ നഗരത്തെ ചുട്ടുപൊള്ളുന്ന നഗരമാക്കി മാറ്റി
ദേവദാസ് തളാപ്പ് (പരിസ്ഥിതി പ്രവർത്തകൻ)

ജനുവരി 3

കൂടിയചൂട് 35.9 ഡിഗ്രിസെൽഷ്യസ്

കുറഞ്ഞ 24.4 ഡിഗ്രി സെൽഷ്യസ്