പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നനവ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി മഹാത്മ ഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നടപ്പിലാക്കുന്ന കിണർ റീ ചാർജിംഗ് പ്രവർത്തനങ്ങൾക്ക് മൊകേരി പഞ്ചായത്തിൽ തുടക്കമായി. ആദ്യ ഘട്ടത്തിൽ ഒരു പഞ്ചായത്തിലെ 80 വീടുകളിൽ നടപ്പിലാക്കുന്നഈ പദ്ധതി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വ്യാപിപ്പിക്കും. മൊകേരി,കതിരൂർ, പന്ന്യനൂർ, ചൊക്ലി പഞ്ചായത്തുകളിൽ ആദ്യ ഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 320 വീടുകളിൽ സൗജന്യമായി കിണർ റീ ചാർജിംഗ് നടത്തും. അതോടൊപ്പം പ്ലാൻ ഫണ്ട് ഉപയോഗിച്ച് 100 വീടുകളിൽ റീ ചാർജ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും റീ ചാർജിംഗ് നടത്തി ബ്ലോക്ക് അതിർത്തിയിലെ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിത്.