mahe
മാഹി ടാഗോർ പാർക്കിലെ പട്ടിക്കൂട്ടം .ഒരു പതിവുകാഴ്ച

മാഹി: ദീർഘകാലം അടച്ചിട്ട മാഹി ടാഗോർ ഉദ്യാനം സന്ദർശകർക്കായി തുറന്നപ്പോൾ, തെരുവ് പട്ടികളുടെ വിളയാട്ടം. ഒട്ടേറെ വൃദ്ധരും, പിഞ്ചുകുട്ടികളും സ്ത്രീകളുമെത്തുന്ന പാർക്കിൽ തെരുവ് പട്ടികൾ യഥേഷ്ടം വിഹാരം നടത്തുകയാണ്. പുഴയോര നടപ്പാതയിൽ പ്രഭാത സായാഹ്ന -സവാരി നടത്തുന്നവരും ജീവൻ പണയം വച്ചാണ് നടന്നു പോകുന്നത്. പാർക്കിനകത്ത് തന്നെ പട്ടികൾ പെറ്റുപെരുകുന്നു.

കോഴിക്കടകളിൽ നിന്നും, ഇറച്ചിക്കടകളിൽ നിന്നും ചോരയുടെയും, ഇറച്ചിയുടേയും രുചിയറിഞ്ഞ പട്ടികൾ നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മുൻസിപ്പൽ ഓഫീസിന് മുന്നിലും, സ്റ്റാച്യു സ്‌ക്വയറിലും, ഗവ. ഹൗസിന് മുന്നിലുമെല്ലാം ജനശബ്ദം മാഹി ഇത് സംബന്ധിച്ച് തുടർച്ചയായി സമരങ്ങൾ നടത്തിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല. ലഫ്: ഗവർണ്ണറുമായി ജനശബ്ദം ഭാരവാഹികൾ നടത്തിയ വീഡിയോ കോൺഫറൻസിനെത്തുടർന്ന് പട്ടികളെ കൂട്ടമായി വന്ധ്യംകരണം നടത്താൻ തീരുമാനമായിരുന്നു. ഇതേത്തുടർന്ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പാപ്പിനിശ്ശേരി കേന്ദ്രത്തിൽ വച്ച് ഏതാനും പട്ടികളെ വന്ധ്യംകരിച്ചെങ്കിലും, തുടർ നടപടികളുണ്ടായില്ല. സാങ്കേതിക തടസ്സങ്ങളും, ഫണ്ടിന്റെ കുറവും മൂലം ഈ നടപടി നിർത്തിവച്ചിട്ട് പത്ത് മാസമായി.

കടികിട്ടിയവർ 700

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ എഴുന്നൂറോളം പേർക്ക് കടിയേറ്റിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ട്. 652 പേർ മാഹി ഗവ: ജനറൽ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയിട്ടുണ്ട്. ഒൻപത് ലക്ഷം രൂപയുടെ പ്രതിരോധ മരുന്നും ഇവിടെ വാങ്ങിച്ചിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.

പേടിച്ച് കുട്ടിക്കൂട്ടം
സ്‌കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളും തീർത്തും ഭയപ്പാടിലാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് പട്ടിയുടെ കടിയേറ്റ് ഒരു വിദ്യാർത്ഥി മരിച്ച സംഭവം മയ്യഴിക്കാരുടെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. വന്ധ്യംകരണം പുനരാരംഭിക്കാൻ നടപടികളാരംഭിച്ചിട്ടുണ്ടെന്നാണ് മുൻസിപ്പൽ അധികൃതർ പറയുന്നത്.


പള്ളൂർ സ്പിന്നിംഗ് മിൽ, ഈസ്റ്റ് പള്ളൂർ പ്രദേശത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ ആറ് തെരുവ് പട്ടികൾ ദുരൂഹ സാഹചര്യത്തിൽ ചത്ത് കിടക്കുകയാണ്. വിവരം അധികൃതരെ അറിയിച്ചിട്ടുണ്ട്.

പരിസരവാസികൾ