തലശ്ശേരി: മാരകമായ മയക്കുമരുന്ന് എം.ഡി.എം.എ.യുമായി നാല് യുവാക്കൾ പിടിയിൽ. പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ വീണ് സാരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലശ്ശേരി ജില്ലാ കോടതിക്കടുത്തുള്ള വിക്ടോറിയ ഹോട്ടലിൽ പൊലീസും സ്‌പെഷ്യൽ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ തലശ്ശേരി കോടിയേരിയിലെ മുഹമ്മദ് ഫായിസ് (19), വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മുഹമ്മദ് സിദാൻ (20), ജുബിൻ ഹിറാദ് (20), മുഹമ്മദ് റാഫിൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി മുഴപ്പിലങ്ങാട് കുളം ബസാറിലെ ഹർഷാദി (20) നാണ് വീണ് സാരമായി പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.
ഇവരിൽ നിന്നും 2.040 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്. എസ്.ഐ ആർ. മനു, എ.എസ്.ഐമാരായ അരുൺ, രാജീവൻ വളയം, കെ. സുധീഷ്, എ.സി.പി.യുടെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡിലെ രാഹുൽ, റിനിൽ, അനൂപ് എന്നിവരുടെ നേതത്വത്തിലായിരുന്നു പരിശോധന. തലശ്ശേരിയിലെ മറ്റ് സ്ഥലങ്ങളിലും പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.