മാഹി: ജനജീവിതം ദുഃസ്സഹമാക്കുന്ന മയ്യഴിയിലെ തെരുവ് പട്ടികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ജനുവരി മൂന്നാം വാരത്തോടെ പട്ടികൾക്ക് വന്ധ്യംകരണം നടത്തുമെന്നും മയ്യഴി നഗരസഭാ കമ്മീഷണർ സുനിൽകുമാർ, ജനശബ്ദം മാഹി ഭാരവാഹികളെ അറിയിച്ചു. കണ്ണൂർ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി കേന്ദ്രത്തിൽ വച്ചാണ് വന്ധ്യംകരണം നടത്തുക. ഓപ്പറേഷൻ തീയേറ്ററിലെ ബാക്ടീരിയ പ്രശ്‌നത്തെത്തുടർന്ന് തീയേറ്റർ അടച്ചിട്ടിരുന്നു. അത് തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതോടെ പട്ടികളുടെ പെരുപ്പം തടയാനാവും. മാഹിയിൽ നിന്ന് പ്രത്യേക വാഹനത്തിൽ തെരുവ് പട്ടികളെ അവിടെ എത്തിക്കുകയും, വന്ധ്യംകരിച്ചതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് തിരികെ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുവിടുകയും ചെയ്യും.
മാഹി ടാഗോർ പാർക്കിൽ തെരുവ് പട്ടികളുടെ കൂട്ടത്തോടെയുള്ള വിഹാരം തടയാൻ വാച്ച് മാൻമാരെ ചുമതലപ്പെടുത്തുമെന്നും കമ്മീഷണർ പറഞ്ഞു. ഈസ്റ്റ് പള്ളൂർ ഭാഗത്ത് പട്ടികൾ കൂട്ടത്തോടെ ചത്ത് വീഴുന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടാഗോർ പാർക്ക് ഉടമസ്ഥർ പാർക്കിന് അകത്തോ, പുറത്തോ പട്ടികൾക്ക് പ്രത്യേക വിശ്രമസ്ഥലം കണ്ടെത്തി പ്രശ്‌നം പരിഹരിക്കണം. അല്ലാത്തപക്ഷം ടാഗോർ പാർക്ക് തുടർന്നും അടച്ചിട്ട് പട്ടികൾക്കും മറ്റു മൃഗങ്ങൾക്കുമായി രാജ്യത്തെ പ്രഥമ പുഴയോര വിശ്രമകേന്ദ്രമായി പ്രഖ്യാപിക്കണം.
പി. പ്രദീപ് കുമാർ,​ മുൻ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, മാഹി