കണ്ണൂർ: പത്താംതരം ജയിച്ചിട്ടില്ലാത്ത 17നും 50 നും ഇടയിലുള്ള മുഴുവൻ പേരെയും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു വർഷം കൊണ്ട് സൗജന്യമായി പത്താംതരം തുല്യത കോഴ്‌സ് വിജയിപ്പിക്കാനായി പദ്ധതി നടപ്പിലാക്കാൻ ജില്ലാ സാക്ഷരതാ സമിതി തീരുമാനിച്ചു. ബ്ലോക്ക്/ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും ഇംപ്ലിമെന്റിംഗ് ഓഫീസർമാരുടെയും യോഗം വിളിക്കും. പദ്ധതിയുടെ ഭാഗമായി സർവ്വെ നടത്തി.
ഏഴാംതരം വിജയിക്കാത്തവർക്ക് തുല്യതാ ക്ലാസുകളും സംഘടിപ്പിക്കും. ആറളം ഫാമിൽ ആദിവാസി വിഭാഗക്കാർക്കായി കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ആദിശ്രീ പദ്ധതിയുടെ സാക്ഷരതാ മികവുത്സവം ജനുവരി 26 മുതൽ ആരംഭിക്കും. സംസ്ഥാന സാക്ഷരതാ മിഷന്റെ നിർദ്ദേശ പ്രകാരം പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ തുല്യതാ പഠിതാക്കളെ ഉപയോഗിച്ച് ക്യാമ്പയിൻ സംഘടിപ്പിക്കും. തീരദേശ മേഖലയിൽ പ്രത്യേക സാക്ഷരതാ പരിപാടി ആരംഭിക്കാനും തീരുമാനിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിയ ഇതര സംസ്ഥാന സാക്ഷരതാ പദ്ധതിയായ ചങ്ങാതി പദ്ധതി പാപ്പിനിശേരി പഞ്ചായത്തിൽ പുനരാരംഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.കെ സുരേഷ് ബാബു, അഡ്വ. ടി. സരള, യു.പി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, സാക്ഷരതാമിഷൻ ജില്ലാ കോഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, സുരേഷ് ബാബു എളയാവൂർ, പയ്യന്നൂർ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.