തളിപ്പറമ്പ്: പൊലീസ് സ്‌റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളികളുടെ പേഴ്‌സും രണ്ട് മൊബൈൽ ഫോണുകളും മോഷ്ടാക്കൾ കവർന്നു. പരിയാരം പൊലീസ് സ്റ്റേഷന്റെ പുതിയ ബിൽഡിംഗിന്റെ ഇലക്ട്രിക്കൽ പണിക്ക് എത്തിയ തൊഴിലാളിയാണ് കവർച്ചയ്ക്കിരയായത്.

തൊഴിലാളികൾ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു കവർച്ച. അഴിച്ച് വച്ച വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് ആണ് കവർന്നത്. ഇതിൽ രണ്ടായിരത്തോളം രൂപയുണ്ടായിരുന്നു. പേഴ്‌സിൽ ഉണ്ടായിരുന്ന സ്‌കൂട്ടറിന്റെ താക്കോലെടുത്ത് ഡിക്കി തുറന്ന് അതിനകത്ത് സൂക്ഷിച്ച മൊബൈൽ ഫോണുകളും മോഷ്ടിച്ചത്. തൊഴിലാളികൾ പരിയാരം സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണമാരംഭിച്ചു. നിരവധി തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തുവരുന്നത്‌.