പഴയങ്ങാടി: മാടായി, മാട്ടൂൽ, ഏഴോം പഞ്ചായത്തുകളിൽ വ്യാപകമായി റോഡുകൾ കൈയടക്കി അലഞ്ഞുതിരിയുന്ന കന്നുകാലികൾ. തെരുവുകളും കൃഷിയിടങ്ങളും കൈയടക്കി കർഷകർക്കും വ്യാപാരികൾക്കും യാത്രക്കാർക്കും ഉപദ്രവമാകുമ്പോഴും കാര്യക്ഷമമായ നടപടി എടുക്കാതെ പഞ്ചായത്തുകൾ നിൽക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
സ്വകാര്യ വ്യക്തികളുടെ വളർത്ത് മൃഗങ്ങളും അറവുശാലയിലേക്കുള്ള ആടുമാടുകളാണ് ഒരു പോലെ ഉപദ്രവമാകുന്നത്. കയറൂരി വിടുന്ന കന്നുകാലികൾ കൃഷിയിടങ്ങളിലും വീടുകളിലെ തോട്ടങ്ങളിലും കയറി വിളവുകൾ നശിപ്പിക്കുകയാണ്. കൂട്ടമായി എത്തുന്ന ഇവകൾ റോഡുകളിൽ നിലയുറപ്പിക്കുന്നത് മൂലം വാഹനങ്ങൾ കടന്ന് പോകുവാൻ ഏറെ പ്രയാസപ്പെടുകയാണ്. വാഹനത്തിരക്കുള്ള പഴയങ്ങാടി, മാട്ടൂൽ, പുതിയങ്ങാടി റോഡുകളിലാണ് ഇവ നിലയുറപ്പിക്കുന്നത്.
യാത്രത്തിരക്കുള്ള പഴയങ്ങാടി പുതിയ ബസ് സ്റ്റാൻഡിൽ കന്നുകാലികൾ കൂട്ടത്തോടെ എത്തുന്നത് കാരണം ബസ് ജീവനക്കാരും യാത്രക്കാരും ഒരു പോലെ ബുദ്ധിമുട്ടുന്നു. ബസ് സ്റ്റാൻഡിൽ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ഇവയുടെ അക്രമത്തിന് ഇരയാവുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യകാഴ്‌ചയാണ്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും പരിസരങ്ങളിലും വിസർജ്ജനം നടത്തുന്നത് വ്യാപാരികൾക്കും കാൽനട യാത്രക്കാർക്കും ഏറെ പ്രായാസം സൃഷ്ടിക്കുന്നു.
പഞ്ചായത്തുകൾ ഉണർന്നേ തീരൂ..
പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം വളർത്തുന്നതും അല്ലാത്തതുമായ കന്നുകാലികളെ കയറൂരി വിടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. കുറ്റം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ട്. ഗ്രാമസഭകളിലും പൊതുജനങ്ങൾക്കിടയിലും അലഞ്ഞുതിരിയുന്ന കന്നുകാലികളെ കുറച്ച് പരാതി ഉയരുകയും പഞ്ചായത്തുകൾ ഉച്ചഭാഷിണി വഴി ആടുമാടുകളെ കയറൂരി വിടുന്നത് കർശനമായി നിരോധിച്ചതായുള്ള മുന്നയറിപ്പ് നൽകിയെങ്കിലും അതൊന്നും തന്നെ തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് ചിലർ ഇവയെ കയറൂരിവിടുന്നത്.
പഞ്ചായത്തുകൾ കർശന നടപടി സ്വീകരിച്ചാൽ മാത്രമേ ഈ മേഖലകളിൽ കയറൂരി വിടുന്ന കന്നുകാലികളാൽ കർഷകർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പൂർണ്ണമായും പരിഹാരം ഉണ്ടാവുകയുള്ളൂ.
നാട്ടുകാർ