പാനൂർ: പത്തായക്കുന്നിലെ പതിനാലാം വാർഡിൽ തയ്യിൽ, നൊച്ചോളി മടപ്പുര, അങ്കണവാടി, കുപ്യാട്ട് മടപ്പുര, വാഗ്ഭടാനന്ദ റോഡ് പരിസരങ്ങളിൽ കുടിവെള്ള വിതരണം നടന്നില്ലെങ്കിലും ബില്ല് കൃത്യമായി എത്തിച്ച് വാട്ടർ അതോറിറ്റി. ജൽജീവൻ മിഷന്റെ ഭാഗമായി വാട്ടർ കണക്‌ഷൻ നല്കി മാസങ്ങൾ പലതും കഴിഞ്ഞിട്ടും ട്രയൽ എന്നോണം നാലഞ്ചു ദിവസങ്ങളിൽ മാത്രമാണ് വെള്ളം ലഭിച്ചതെന്നാണ് ഉപഭോക്താക്കളുടെ പരാതി.

എന്നിട്ടും പല വീടുകളിലും 165 ഉം 241 ഉം രൂപയുടെ വെള്ളക്കരമടക്കാനുള്ള ഡിമാന്റ് - സിസ് കണക്‌ഷൻ നോട്ടീസ് കേരള വാട്ടർ അതോറിറ്റി തലശ്ശേരി സബ് ഡിവിഷനിൽ നിന്നും ലഭിച്ചു തുടങ്ങി. വെള്ളം ലഭിക്കാതെ എന്തിനു കര മടക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം.

ജൽജീവൻ മിഷൻ പദ്ധതിയിലൂടെ കണക്ഷൻ നല്കുന്നതിനു വേണ്ടി ഈ പരിസരങ്ങളിലെ ടാർ ചെയ്ത റോഡുകൾ ആഴത്തിൽ കുഴിച്ചിരുന്നു. മഴ കഴിയുന്നതോടെ റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തയ്യിൽ റോഡിൽ സ്ഥാപിച്ച പൈപ്പുകൾ ഒരുതവണ നന്നാക്കിയ

പ്പോൾ തൊട്ടടുത്ത് തന്നെ വീണ്ടും പൊട്ടി. നിലവാരമില്ലാത്ത പൈപ്പാണ് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നതെന്നും പ്രദേശത്തുകാർ പറയുന്നു.