
കണ്ണൂർ:തലശേരി ധർമ്മടം റിവർ വ്യൂവിൽ റാഫി - സുനീറ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർത്ഥിയുമായ അദിനാൻ (17) ബുധനാഴ്ച രാത്രി വിഷം കഴിച്ച് മരിച്ചതിന് പിന്നിൽ ഓൺലൈൻ ഗെയിമിന്റെ സ്വാധീനമാണോയെന്ന സംശയം ബലപ്പെട്ടു. മുറിയിൽ നിന്ന് പുറത്തുവന്ന് വീട്ടുകാരോട് വിഷം കഴിച്ചതായി അദിനാൻ പറയുകയായിരുന്നു. തലശേരി സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണം സംഭവിച്ചു. കുട്ടി കുറച്ചുകാലമായി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
മുറിയിൽ നിന്ന് സോഡിയം നൈട്രേറ്റ് പൊലീസ് കണ്ടെടുത്തു.ഇത് ഓൺലൈനിൽ വാങ്ങിയതാകാമെന്ന് കരുതുന്നു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.
അദിനാന്റെ മൊബൈൽ ഫോൺ തകർന്ന നിലയിൽ മുറിയിൽ കണ്ടെത്തി. ഗെയിമിൽ തോറ്റതിനോ, അല്ലെങ്കിൽ ആരോടോ പ്രതികാരത്തിനോ ആയിരിക്കും മൊബൈൽ തകർത്തതെന്ന് പൊലീസ് കരുതുന്നു. കൂട്ടുകാരിൽ നിന്ന് അകന്ന് കഴിയുന്ന അദിനാൻ ഒരു മാസമായി സ്‌കൂളിൽ പോയിരുന്നില്ലെന്നും മുറിയിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം വീട്ടുകാരോട് സംസാരിച്ചിരുന്നില്ല.
പതിവായി മൊബൈലിൽ ഗെയിം കളിച്ചിരുന്ന അദിനാൻ നേരത്തെയും ആത്മഹത്യാപ്രവണത കാണിച്ചിരുന്നതായും പൊലീസ് പറഞ്ഞു അദിനാന്റെ പിതാവ് ഇന്നലെ വിദേശത്തു നിന്ന് എത്തി.
തകർന്ന മൊബൈൽ ഫോൺ ഫോറൻസിക് ലാബിൽ പരിശോധിക്കുമെന്നും ഇതിനുശേഷമേ മരണകാരണം വ്യക്തമായി അറിയാൻ കഴിയൂവെന്നും ധർമ്മടം ഇൻസ്പെക്ടർ സുമേഷ് പറഞ്ഞു.