തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് നാലര പവൻ സ്വർണമാല കവർന്നു. തൊട്ടടുത്ത വീട്ടിൽ കവർച്ചാ ശ്രമവും നടന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം ഇലത്താളംവയലിലെ കെ.വി. ഗോപാലകൃഷ്ണന്റെ കുന്നുംപുറത്ത് ഹൗസിലാണ് കവർച്ച നടന്നത്. ഗോപാലകൃഷ്ണന്റെ ഭാര്യ സാവിത്രിയുടെ മാലയാണ് നഷ്ടപ്പെട്ടത്.

വീടിന്റെ പിറകുവശത്തെ ഗ്രിൽസ് തുറന്ന് അടുക്കള വാതിൽ തകർത്താണ് അകത്ത് കടന്നത്. അലമാരയുടെ മുക ളിൽ സൂക്ഷിച്ച മാലയാണ് കവർച്ച ചെയ്തത്. അലമാരയുടെ മുകളിൽ തന്നെ താക്കോൽ ഉണ്ടായിരുന്നു. അലമാര തുറക്കാത്തതിനാൽ പണവും മറ്റും നഷ്ടപ്പെട്ടില്ല. ഇതിന് സമീപമുള്ള റിട്ട. ബാങ്ക് മാനേജർ കെ.വി. കരുണാകരൻ നമ്പ്യാരുടെ വിനീത ഹൗസിലാണ് കവർച്ചാ ശ്രമം നടന്നത്.

ഗ്രിൽസ് തുറന്ന് അകത്ത് കയറി അടുക്കളവാതിൽ കുത്തിത്തുറന്നിരുന്നു. വർക്ക് ഏരിയയിലുണ്ടായിരുന്ന ഒരു ചെരുപ്പ് അടുക്കള വാതിലിൽ വെച്ച് ചുറ്റിക കൊണ്ട് അടിച്ചാണ് വാതിൽ തുറക്കാൻ ശ്രമിച്ചത്. വാതിൽ തകർക്കുന്ന ശബ്ദം കേൾക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ചെരുപ്പ് ചതഞ്ഞ നിലയിൽ കണ്ടെത്തി എന്നാൽ ശബ്ദംകേട്ട് കരുണാകരൻ നമ്പ്യാർ ഉണർന്ന് വീടിന് ചുറ്റുമുള്ള ലൈറ്റുകളിട്ടു. അതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.