പൊതുചടങ്ങിൽ തുറന്ന സ്ഥലത്ത് 150 പേർ, ഹാളിൽ 75
കാസർകോട്: കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാൻ കോർ കമ്മിറ്റി തീരുമാനം. പൊതു ചടങ്ങുകളിൽ തുറന്ന സ്ഥലത്താണെങ്കിൽ പരമാവധി 150 പേർക്കും ആവശ്യമായ വായു സഞ്ചാരം ഉറപ്പുവരുത്തിയ ഹാളുകൾ, മുറികൾ തുടങ്ങിയവയിൽ 75 പേർക്കും പങ്കെടുക്കാമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കൊറോണ കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വെല്ലുവിളികളില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ രാജൻ പറഞ്ഞു. ജില്ലയിൽ നിലവിൽ ആക്ടീവ് പോസിറ്റീവ് കേസുകൾ കുറവാണ്. പ്രതിദിനം 50ൽ കുറവ് കേസുകൾ മാത്രമാണ് കഴിഞ്ഞ കുറേ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തത്. വിവിധ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുള്ള 220 ബെഡുകളിൽ 11 ശതമാനത്തിൽ മാത്രമാണ് രോഗികളുള്ളതെന്നും ഡി.എം.ഒ അറിയിച്ചു.
ജനങ്ങൾ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.
സബ്കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം എ.കെ രമേന്ദ്രൻ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവർ വീഡിയോ കൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.
ഓക്സിജൻ ക്ഷാമമുണ്ടാകില്ല
ചട്ടഞ്ചാലിൽ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്ന് എസ്റ്റിമേറ്റ് ലഭ്യമാക്കി തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ചട്ടഞ്ചാലിൽ നിർമ്മിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം ഒരു മാസത്തിനകം ആരംഭിക്കാൻ സാധ്യതയില്ലാത്തതിനാൽ പോസിറ്റീവ് കേസുകളിൽ വർദ്ധനവുണ്ടായാൽ ജില്ലയ്ക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വാക്സിനേഷനിൽ പുരോഗതി
ജില്ലയിൽ 18 വയസ്സിനു മുകളിലുള്ളവരുടെ ഫസ്റ്റ് ഡോസ് വാക്സിനേഷൻ 98.6 ശതമാനവും സെക്കന്റ് ഡോസ് 90 ശതമാനത്തോളവും പൂർത്തിയായതായും 15 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷൻ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സർക്കാർ ഉത്തരവുണ്ടായാൽ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വാക്സിൻ നൽകുമെന്നും ഡി.എം.ഒ പറഞ്ഞു,