പയ്യന്നൂർ: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. യുവാവിനെ പയ്യന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. ഏഴോം നെരുവമ്പ്രം ചെങ്ങൽ തടത്തെ പി.വി. മുഹമ്മദ് ജിഷാനാ (32)ണ് പിടിയിലായത് .ഇയാൾ സഞ്ചരിച്ച കാറിൽ നിന്നാണ് രണ്ട് ഗ്രാം മയക്കു മരുന്ന് പിടികൂടിയത്. കാറിന്റെ സ്റ്റിയറിംഗിനടുത്ത് പ്രത്യേകം ഉണ്ടാക്കിയ ബോക്സിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ചിരുന്നത്.
മയക്ക് മരുന്ന് ഉപയോഗിക്കാനുള്ള ബർണർ, ലൈറ്റർ, സ്ട്രോ എന്നിവയും കാറിനകത്തു നിന്നും കണ്ടെടുത്തു. ബുധനാഴ്ച പെരുമ്പയിൽ വച്ച് മുഹമ്മദ് ജിഷാൻ ഓടിച്ച കാറും മറ്റൊരു കാറും കൂട്ടിമുട്ടി അപകടമുണ്ടായിരുന്നു.
ഇതേ തുടർന്നാണ് ഇരു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തിച്ചത്.
പിന്നീട് മുഹമ്മദ് ജിഷാനോട് കാറിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ കൊണ്ടു വരാത്തതിനാൽ ഈ വാഹനം മോഷണമുതലോ മറ്റോ ആണെന്ന സംശയം ഉയർന്നതിനെ തുടർന്ന് പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ, ഇൻസ്പെക്ടർ മഹേഷ് കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കഴിഞ്ഞ വർഷം സെപ്തംബർ 18ന് എട്ടിക്കുളത്ത് വച്ച് കഞ്ചാവുമായി പയ്യന്നൂർ എക്സൈസ് മുഹമ്മദ് ജിഷാനെ അറസ്റ്റ് ചെയ്തിരുന്നു.