photo
താവം ഓവർബ്രിഡ്ജിന്റെ തൂണുകളിലെ ഇരുമ്പ് കമ്പി ദ്രവിച്ച നിലയിൽ.

പഴയങ്ങാടി: പിലാത്തറ-പഴയങ്ങാടി കെ.എസ്. ടി. പി റോഡിൽ താവം റെയിൽവേ ഓവർബ്രിഡ്ജിന്റെ തൂണുകളിലുള്ള കമ്പികൾ ദ്രവിച്ച നിലയിൽ. സിമന്റ് ഭാഗം ഇളകിയതിനെ തുടർന്ന് അറ്റകുറ്റ പ്രവൃത്തിക്കായി പൊളിച്ചപ്പോഴാണ് തൂണികളിലെ കമ്പികൾ ദ്രവിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നര വർഷം മുമ്പ് ഉണ്ടാക്കിയ പാലത്തിന്റെ വലിയ കമ്പികൾ ഭാഗികമായും തുരുമ്പിച്ചിട്ടുണ്ട്. കമ്പികൾ മാറ്റാതെ അതിന് മുകളിൽ പ്ലാസ്റ്റർ ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.തുരുമ്പിച്ച ഇരുമ്പ് കമ്പികൾ ഇതിന്റെ തെളിവാണെന്നാണ് അന്ന് ആരോപണമുന്നയിച്ചവരുടെ വാദം.

കഴിഞ്ഞ മാസം ഇരുപതിനാണ് ഓവർബ്രിഡ്ജ് പൂർണ്ണമായും അടച്ചിട്ടുള്ള അറ്റകുറ്റപ്പണി ആരംഭിച്ചത്.

യു.ഡി.എഫ് ഭരണ കാലത്താണ് തൂണുകളുടെ പ്രവൃത്തി നടത്തിയത്. പാലാരിവട്ടം പാലം പണിത ആർ.ഡി.എസ് കമ്പനിയാണ് താവം പാലത്തിന്റെയും തൂണുകൾ നിർമ്മിച്ചത് .പാലം നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.

തൂണുകൾക്ക് ബലക്ഷയമില്ലെന്ന് കെ.എസ്.ടി.പി

താവംമേൽപ്പാലത്തിലെ തൂണുകളിലെ കമ്പികൾ ദ്രവിച്ച് കാണുന്നത് സാധാരണ നിലയിലുള്ള പ്രതിഭാസം മാത്രമാണെന്ന് കെ.എസ്.ടി.പി ചീഫ് എക്സിക്യു്ട്ടീവ് എൻജിനിയർ.ഷാജി തയ്യിൽ കേരളകൗമുദിയോട് പറഞ്ഞു.ഇതുമൂലം തൂണുകൾക്ക് ബലക്ഷയം.സംഭവിക്കുകയില്ല.എൻജിനിയർമാരുടെ പരിശോധനക്ക്‌ശേഷമാണ് അറ്റകുറ്റ പ്രവൃത്തി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താവം,പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലങ്ങൾ ഈ മാസം 13ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.തൂണിലെ ദ്രവിച്ച ഇരുമ്പ് കമ്പിയുടെ കാര്യം കെ. എസ് .ടി.പി അധികൃതരുമായി ആലോചിച്ച് തീരുമാനമെടുക്കും- എം വിജിൻ എം.എൽ.എ