1
നായകൻ പ്രയാൺ, സംവിധായകനും കാട്ടുകാരനുമായ പ്രശാന്ത് കാനത്തൂർ, ഛായാഗ്രാഹകൻ പ്രതാപ് നായർ എന്നിവരും ഒപ്പം

നായകനും സംവിധായകനും കാസർകോട്ടുകാർ

കാസർകോട്: വ്യത്യസ്ത പ്രമേയവും വേറിട്ട ദൃശ്യാനുഭവവുമായി നായകനും സംവിധായകനും കാസർകോട്ടുകാരായ 'സ്റ്റേഷൻ 5' ഇന്ന് തീയറ്ററുകളിൽ. മലയാളം, തമിഴ് ഷോർട്ട് ഫിലിമുകളിലൂടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശാന്ത് കാനത്തൂർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കാസർകോട് വിദ്യാനഗർ സ്വദേശി പ്രയാൺ ആണ് നായകന്റെ റോളിൽ തിളങ്ങുന്നത്.

2019 ൽ അഭിനയിച്ച മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ, അങ്ങനെ ഞാനും പ്രേമിച്ചു എന്നീ സിനിമകളിലൂടെ കടന്നുവന്നാണ് പ്രയാൺ നായകപദവിയിൽ എത്തിയത്. കാസർകോട്ടെ മാദ്ധ്യമ പ്രവർത്തകൻ വി.വി പ്രഭാകരന്റെയും കെ.പി. വത്സലയുടെയും മകനാണ് നായകൻ. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക് ബിരുദം നേടിയ പ്രയാൺ, സ്കൂൾ കോളേജ് തലങ്ങളിലും അഭിനയത്തിൽ തിളങ്ങിയിട്ടുണ്ട്. നമസ്തേ ഇന്ത്യ സിനിമയിലും നായകവേഷത്തിൽ അഭിനയിച്ചെങ്കിലും സിനിമ റിലീസ് ആയിട്ടില്ല. ഹോളിവുഡ് നടി എലീനയാണ് നമസ്തേ ഇന്ത്യയിൽ പ്രയാണിന്റെ നായികയായി എത്തിയിരുന്നത്. അതിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് സ്റ്റേഷൻ 5 ൽ നായകനായി കാമറയ്ക്കു മുന്നിലെത്തുന്നത്.

കാസർകോട് സ്വദേശികളായ ജ്യോതിചന്ദ്രൻ, പ്രീയ ഹരീഷ്, അന്തരിച്ച നടൻ വേണു മാങ്ങാട് എന്നിവരും സ്റ്റേഷൻ 5 ൽ ശ്രദ്ധേയമായ വേഷം ചെയ്യുമ്പോൾ ഈ സിനിമ പൂർണ്ണമായും കാസർകോട്ടുകാരുടെ സിനിമയായി മാറുകയാണ്. 2020 ൽ ഷൂട്ടിംഗ് തുടങ്ങിയ സിനിമ കൊവിഡ് കാരണം ഒന്നര വർഷമെടുത്താണ് പൂർത്തീകരിച്ചത്. അട്ടപ്പാടിയിലെ നരശുമുക്ക് മലമുകളിലാണ് 25 കുടിലുകൾ പണിത് ഗ്രാമത്തിന്റെ സെറ്റിട്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കഴിഞ്ഞവർഷം മികച്ച നടിക്കുള്ള സംസ്ഥാന ജൂറി അവാർഡ് നേടിയ പ്രിയംവദ കൃഷ്ണനാണ് സിനിമയിൽ നായിക. ഡയാന ഹമീദും സഹനായികയായി എത്തുന്നുണ്ട്. ഇന്ദ്രൻസും സന്തോഷ് കീഴാറ്റൂരും ഐ.എം. വിജയനും വിനോദ് കോവൂരും നഞ്ചിയമ്മയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മേപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബി.എ മായയാണ് നിർമ്മാണം. ഛായാഗ്രഹണം നിർവ്വഹിച്ച പ്രതാപ് നായർ നിരവധി അംഗീകാരങ്ങൾ നേടിയ കലാകാരനാണ്. വിനോദ് കോവൂരും നാഞ്ചിയമ്മയും ചേർന്ന് ആലപിക്കുന്ന ഗാനം സൂപ്പർ ഹിറ്റായിട്ടുണ്ട്.

'സ്റ്റേഷൻ 5' ഞാൻ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. സിനിമ ഏറ്റവും മികച്ചതാക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്‌. ബിഗ് ബഡ്ജറ്റ് ചിത്രമൊന്നും അല്ലെങ്കിലും ഒട്ടേറെ പുതുമകളുള്ളതിനാൽ പ്രേക്ഷകർ നന്നായി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രയാൺ (നായകനടൻ)