പെരളശേരി: പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ റോഡ് വികസനത്തിന്റെ ഭാഗമായി തണൽ മരങ്ങൾ കൂട്ടത്തോടെ മുറിച്ചു മാറ്റി. മണ്ഡലത്തിൽ നടത്തുന്ന സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് അരനൂറ്റാണ്ടിലേറെ പ്രായമുള്ള പെരളശേരി അമ്പലം സ്‌റ്റോപ്പ് മുതൽ മൂന്നുപെരിയ വരെയുള്ള മെയ് ഫ്‌ളവർ പുഷ്പിക്കുന്ന തണൽ മരങ്ങൾ മുറിച്ചുമാറ്റിയത്. വേനൽക്കാലത്ത് തണൽ നൽകുന്നതിനൊടൊപ്പം മേയ് ഫ്‌ളവർ ചുവന്ന് പൂത്തു നിൽക്കുന്നത് പെരളശേരി ടൗണിലെത്തുന്നവർക്ക് നയനാനന്ദകരമായ കാഴ്ചകളിലൊന്നായിരുന്നു. മരങ്ങൾക്കു കോടാലി വീണു കടപുഴകിയപ്പോൾ അത്യുഷ്ണം കൊണ്ടു എരിപൊരികൊള്ളുകയാണ് അമ്പലം സ്റ്റോപ്പിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളികളും വ്യാപാരികളും അമ്പലത്തിലും മറ്റും വന്നുപോകുന്ന ബസ് യാത്രക്കാരും. മുറിച്ചിട്ട മരത്തിന്റെ അവശിഷ്ടങ്ങൾ ഇതുവരെ ഇവിടെ നിന്നും പൂർണമായി നീക്കം ചെയ്യാതെ ഇട്ടിരിക്കുകയാണ്. ഇതും വഴി യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
സുൽത്താൻ ബത്തേരി മോഡൽ
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന ധർമ്മടം മണ്ഡലത്തിലെ ചെറുതും വലുതുമായ 17 ചെറു ടൗണുകളാണ് സൗന്ദര്യവൽക്കരിക്കുന്നത്. സുൽത്താൻ ബത്തേരി നഗരസഭയിൽ നടപ്പിലാക്കിയ മോഡൽ വികസനമാണ് നടപ്പിലാക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. ആദ്യഘട്ടമെന്ന നിലയിലാണ് ഓവുചാൽ നിർമ്മാണം മൂന്നുപെരിയയിൽ നിന്നും തുടങ്ങി നിർദ്ദിഷ്ട എ.കെ.ജി മ്യൂസിയം വരെ നടന്നു വരുന്നത്. അഞ്ചു കോടി രൂപ ഇതിനായി അനുവദിച്ചു.
ഓവുചാലുകൾക്ക് മുതൽ സ്‌ളാബിട്ട് നടപ്പാതകൾ നിർമ്മിച്ച് ടൈൽ പതിക്കും. ടൗണിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കും. ചെടികൾ വച്ചു പിടിപ്പിച്ചു മനോഹരമാക്കും. പെരളശേരിയിൽ മാലിന്യ രഹിതമായ അന്തരീക്ഷമൊരുക്കലാണ് ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി പാനുണ്ട ടൗണിന് അഞ്ചു കോടിയുടെയും ചാല, കാടാച്ചിറ, ചിറക്കുനി എന്നിവടങ്ങളിൽ മൂന്നു കോടിയുടെയും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. കാടാച്ചിറയിൽ ഓവുചാലിന്റെയും നടപ്പാതയുടെയും നിർമ്മാണം നടന്നു വരികയാണ്. മുഴപ്പാല, പാനുണ്ട, ചിറക്കുനി എന്നിവടങ്ങളിലും സൗന്ദര്യവൽകരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
ഏതൊരു നഗരത്തിന്റെയും സൗന്ദര്യം തണൽ മരങ്ങളാണ്. സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ ചുട്ടുപൊള്ളുന്ന ചൂടിൽ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും എത്രയോ കാലമായി തണൽ നൽകുന്ന മരങ്ങൾ മുറിച്ചു മാറ്റിയത് നീതികരിക്കാനാവില്ല.
അഡ്വ. ദേവദാസ്, തളാപ്പ് (പരിസ്ഥിതി പ്രവർത്തകൻ)
മുറിച്ചു മാറ്റിയ തണൽ മരങ്ങൾക്കു പകരം പുതിയവ നടും. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഇതും നടപ്പിലാക്കും. മുറിച്ചു മാറ്റിയ മരങ്ങളുടെ ബാക്കി ഭാഗങ്ങൾ ഉടൻ നീക്കം ചെയ്യും.
എ.വി ഷീബ (പ്രസിഡന്റ് , പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്)