കണ്ണൂർ: നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ ശുപാർശ അംഗീകരിച്ച് കണ്ണൂർ വി.സിക്ക് പുനർ നിയമനം നൽകിയ ഗവർണറുടെ നടപടി അപമാനകരമാണെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്. കേരളത്തിലെ സർവകലാശാലകൾ സി.പി.എമ്മിന്റെ പിടിയിൽപെട്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവോടെ വ്യക്തമായതായും സിദ്ദീഖ് പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ വി.സി നിയമനം, സിൻഡിക്കേറ്റ്, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവിടങ്ങളിൽ നടന്ന നിയമനം സുതാര്യമില്ലാതെയാണ്. മറ്റൊരാൾക്കും പ്രവേശനം നൽകാതെ സർവ്വകലാശാലകളെ മാർക്‌സിസ്റ്റ് വൽക്കരിച്ചു.
ചാൻസലർ തസ്കിക കൃത്യമായി ഉപയോഗിക്കുന്നില്ല എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് മന്ത്രിയുടെ ശുപാർശക്കത്ത് പരിഗണിച്ച് കണ്ണൂർ വി.സിക്ക് പുനർ നിയമനം നൽകിയ ഗവർണ്ണറുടെ നടപടി.
മുൻ കാലത്ത് വി.സി മാരെ കാണാൻ മുഖ്യമന്ത്രിമാർ അങ്ങോട്ടാണ് പോയതെങ്കിൽ ഇപ്പോൾ
മന്ത്രിയുടെ മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരായി വി.സിമാർ മാറിയെന്നും സിദ്ദിഖ് ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, രഞ്ചിത്ത് നാറാത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.