ചെറുവത്തൂർ: രണ്ടു മാസത്തോളമായി വളം മാർക്കറ്റിൽ നിന്നും പൊട്ടാഷ് അപ്രത്യക്ഷമായതോടെ കർഷകർ ദുരിതത്തിൽ. കാർഷിക വിളകൾക്കാവശ്യമായ പൊട്ടാഷ് ദൗർലഭ്യം കർഷകരെ ഒട്ടൊന്നുമല്ല പ്രയാസത്തിലാക്കുന്നത്. ദൗർലഭ്യത്തിന്റെ കാരണമാകട്ടെ, കർഷകർക്കും വളവ്യാപാരികൾക്കും വ്യക്തമാകുന്നുമില്ല.

രണ്ടാം വിള നെൽകൃഷി, പച്ചക്കറി കൃഷിയുടെയും സീസൺ ആരംഭിച്ചതോടെയാണ് പൊട്ടാഷ് ലഭ്യമല്ലാതായത്. ചെടികൾ പുഷ്പിക്കുന്നതിനും കായകൾ പുഷ്ടിപ്പെടുന്നതിനും പൊട്ടാഷ് അത്യാവശ്യമാണ്. ഇതിനു പകരമായി വെണ്ണീറ് ഉപയോഗിക്കാമെങ്കിലും അതും കിട്ടാനില്ല. പൊട്ടാഷ് അടങ്ങിയ രാസവള കോമ്പൗണ്ടുകൾ മാർക്കറ്റിൽ ലഭ്യമാണെങ്കിലും അതിന് അമിതവില കൊടുക്കേണ്ടി വരുന്നത് കർഷകരുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്.

പച്ചക്കറി വിത്തിന് തീവില

പച്ചക്കറിയുടെ ശീതകാല കൃഷിയുടെ സീസൺ ആരംഭിച്ചതോടെ ആവശ്യമുള്ള വിത്തുകൾ കിട്ടാനില്ലെന്ന് പരാതി. ഈയടുത്ത കാലത്ത് തക്കാളിയുടെയും വെണ്ടയുടെയുമൊക്കെ വില നൂറു കടന്നതും പാവക്കയടക്കമുള്ളവയ്ക്ക് ഇരട്ടിയിലധികം വില ഉയർന്നതും സാധാരണക്കാരെ വ്യാപകമായി പച്ചക്കറി കൃഷിയിൽ വ്യാപൃതരാക്കിയിട്ടുണ്ട്. എന്നാൽ പാവയ്ക്ക, പടവലം തുടങ്ങിയ പച്ചക്കറിയുടെ വിത്തുകൾ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ഔട്ട് ലെറ്റിലും കിട്ടാനില്ല. സ്വകാര്യമാർക്കറ്റിൽ പാവയ്ക്ക, പടവലം എന്നിവയുടെ വിത്തുകൾക്ക് വൻ വിലയാണ് ഈടാക്കുന്നത്. നാലെണ്ണം അടങ്ങിയ ഒരു പായ്ക്കറ്റിന് 20 രൂപ കൊടുക്കേണ്ടി വരുന്നു. അതായത് ഒരു വിത്തിന് 5 രൂപ.

വേണ്ടത്ര പൊട്ടാഷ് നൽകിയില്ലെങ്കിൽ നെൽമണികളുടെ അളവും തൂക്കവും കുറയാൻ കാരണമാകും

കർഷകർ

ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറി വിത്തുകളാണ് കൗണ്ടറിൽ വിൽക്കുന്നത്. എന്നാൽ പാവയ്ക്ക, പടവലം എന്നിവയുടെ വിത്തുകൾ നേരത്തെ തീർന്നു പോയി.

കാർഷിക കേന്ദ്രം അധികൃതർ പിലിക്കോട്