തൃക്കരിപ്പൂർ: പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം നിയന്ത്രിക്കുന്നതിന്റെയും സുരക്ഷാ സംവിധാനം കർശനമാക്കുന്നതിന്റെയും ഭാഗമായി വലിയപറമ്പയിൽ സി.സി.ടി.വി. കാമറകൾ സ്ഥാപിച്ചു.

മാലിന്യങ്ങൾ വലിച്ചെറിയുന്നതും മറ്റും പതിവായ സാഹചര്യത്തിലാണ് ഭരണസമിതി മുൻകൈ എടുത്ത് കാമറകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ട് കേബിൾ, നെറ്റ് എന്നിവ സൗജന്യമായി ചെയ്തു നൽകി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആവശ്യമായ കാമറകളും നൽകി. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കാൻ വേണ്ട കർശന നടപടി സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ. സി.ഒ.എ മേഖലാ പ്രസിഡന്റ് പി.പി പ്രസാദിന്റെ അധ്യക്ഷതയിൽ വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സജീവൻ മുഖ്യാതിഥിയായി. സി.ഒ.എ ജില്ലാ ട്രഷറർ ശശികുമാർ, മേഖല സെക്രട്ടറി രാജൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ കരുണാകരൻ നന്ദിയും പറഞ്ഞു