കാസർകോട്: ബോവിക്കാനം എൽ.ബി.എസ് എൻജിനീയറിംഗ് കോളേജിൽ നടത്തുന്ന തൊഴിൽ മേള 11ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാകളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 8.30 മുതൽ വൈകീട്ട് 6 വരെയാണ് തൊഴിൽ മേള.
ഐ.ടി, എൻജിനീയറിംഗ്, ടെക്നിക്കൽ ജോബ്സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, മൊബൈൽ, മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്‌മെന്റ്, റീടെയ്ൽ, ഫിനാൻസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കിംഗ്, മാർക്കറ്റിംഗ്, സെയിൽസ്, മീഡിയ, സ്‌കിൽ എഡ്യുക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, നികുതി തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി 15,000 ത്തിലധികം ഒഴിവുകൾ സംസ്ഥാനതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് മൂന്ന് മണിക്കൂർ സൗജന്യ പരിശീലനം കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയുടെ സ്‌കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സിബി അക്ബർ അലി എന്നിവർ പങ്കെടുത്തു.