ambujakshan
അംബുജാക്ഷന്റെ കട

കാഞ്ഞങ്ങാട്: അംബുജാക്ഷന്റെ കടയിൽ അരിയും പച്ചക്കറിയുമൊന്നും കിട്ടില്ല, പക്ഷേ പുതുതലമുറയ്ക്ക് പരിചയമില്ലാത്ത മൺപാത്രങ്ങളും പുകയടുപ്പും ഉരലും ഉറിയും അമ്മിയും ഉൾപ്പെടുന്ന വസ്തുക്കൾ ഇവിടെ ഉണ്ട്.

37 വർഷം മുമ്പ് മടിക്കൈ സ്വദേശിയായ അംബുജാക്ഷന്റെ അച്ഛൻ കെ. രാഘവൻ നായരാണ് വിനായക തീയേറ്ററിനരികിൽ കട തുടങ്ങിയത്. 1984 ൽ അച്ഛൻ മരിച്ചതിനുശേഷം അംബുജാക്ഷനാണ് കട നടത്തിക്കൊണ്ടു പോകുന്നത്. ഒരുകാലത്ത് വീടുകളിൽ കണ്ടുവന്നിരുന്ന ചുണ്ണാമ്പ് ചെല്ലം, ഇസ്തിരിപ്പെട്ടി, മുറം, ഭരണികൾ, ചിരവ, മീൻപിടിക്കാനുള്ള ഒറ്റാൽ, മീൻകുട്ട, കുരുത്തി എന്നിവയും കടയിലുണ്ട്.
കൈതോല, മുള, ഓല, കളിമൺ, കീച്ചിപ്പുല്ല്,ചൂത് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കളാണ് കടയിലധികവും. തട്പ്പ, ഇടങ്ങാഴി, മന്ത് (തൈരാട്ടുന്നത് ), അടിച്ചൂറ്റി, ഓലപ്പായ എന്നീയിനങ്ങളും കടയിലുണ്ട്.

അമ്മക്കോഴിയെയും അതിന്റെ കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്താനുപയോഗിക്കുന്ന കോഴിക്കൊമ്മയും പൈതൃക സാധനങ്ങൾ സൂക്ഷിക്കുന്ന ഈ കടയിലുണ്ട്. പഴയ കാല തറവാട് വീടുകളിൽ തേങ്ങയിട്ട് സൂക്ഷിക്കുന്ന മക്കിരിയും പ്രധാന ആകർഷക വസ്തുവാണ്.

കൊറോണ കാലത്ത് ഒരു ലക്ഷത്തിനടുത്ത് നഷ്ടമുണ്ടായി. പല സാധനങ്ങളും ചിതലരിച്ച് നശിച്ച് പോയതായി അംബുജാക്ഷൻ പറഞ്ഞു.

പുല്ലാഞ്ഞി ബട്ടി

കടയിൽ കൂടുതൽ ആൾക്കാർ എത്തുന്നത് പുല്ലാഞ്ഞി ബട്ടിക്കാണ്. കൊറക വിഭാഗത്തിന്റെ പ്രധാന തൊഴിലാണ് പുല്ലാഞ്ഞി ബട്ടി നിർമാണം. മാർക്കറ്റിൽ ഒന്നിന് 300 രൂപയാണ് വില.

വലിയ നഷ്ടത്തിലാണ് കട നടത്തി പോകുന്നത്. പാരമ്പര്യം നിലനിർത്താനും പുതുതലമുറക്ക് പഴയ സാധനങ്ങൾ പരിചയപ്പെടുത്തി കൊടുക്കാനുമാണ് എല്ലാം സഹിച്ച് കട നടത്തി പോകുന്നത്. പുതിയ തലമുറയിൽ പെട്ടവരും റിസർച്ച് വിദ്യാർഥികളും കടയിൽ വരാറുണ്ട്

അംബുജാക്ഷൻ