പാലക്കുന്ന്: കീമോ ചികിത്സയിൽ മുടി കൊഴിഞ്ഞു പോകുന്ന അർബുദ രോഗിക്ക് നൽകാനായി തന്റെ മുടി മുറിച്ചുനൽകി വിദ്യാർത്ഥിനിയുടെ മാതൃക. ഉത്സവപ്പറമ്പിലെ ഇരിപ്പിടത്തിൽ തന്റെ അരികിലിരുന്ന മധ്യവയസ്കയായ അന്യസ്ത്രീയോട് തലയിലെ മുടി പോയവിവരം ഉദുമ തെക്കേക്കര പുതിയ വളപ്പിൽ വീട്ടിലെ സുശ്രുത സത്യനാഥ് സ്വകാര്യം ചോദിച്ചറിഞ്ഞു. വീട്ടിലെത്തിയ ശേഷം തന്റെ മുടി മുറിച്ച് ഒരു അർബുദ രോഗിക്ക് വേണ്ടിയെങ്കിലും നൽകണമെന്ന ആഗ്രഹം അമ്മ പുഷ്‌പാവതിയെ അറിയിച്ചു. മൗനം സമ്മതമാണെന്ന് മനസിലാക്കി തന്റെ നീളമുള്ള മുടി മുറിച്ച് പൊതിഞ്ഞു കെട്ടി കേരള ബ്ലഡ് ഡോണേഴ്സ് ജില്ല കമ്മിറ്റിയെ അറിയിച്ചു. അധികം താമസിയാതെ അതിലെ ഒരംഗമായ അമോഷ് വീട്ടിലെത്തി അതേറ്റുവാങ്ങി സുശ്രുതയുടെ ആഗ്രഹം പോലെ ചെയ്യാമെന്ന് ഉറപ്പും നൽകി. തനിക്കേറ്റവും ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്കു വേണ്ടി ത്യജിക്കലാണ് പുണ്യമെന്ന സന്ദേശം അന്വർത്ഥമാക്കിയ സംതൃപ്തിയിലാണ് കാസർകോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിനി സുശ്രുത.
സുശ്രുത സത്യനാഥ് തലമുടി കേരള ബ്ലഡ് ഡോണേഴ്സ് ജില്ല കമ്മിറ്റി അംഗം അമോഷിനു കൈമാറുന്നു