rtpcr

മട്ടന്നൂർ : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യു.എ.ഇയിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കുന്നത് അമിതമായ തുക. ജോലി സംബന്ധമായി പോകുന്ന ഇടത്തരക്കാരും സാധാരണക്കാരുമാണ് അധികവുമെന്നതിനാൽ ചാർജ് കുറക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ടിക്കറ്റ് നിരക്കിൽ വൻതുക ചിലവാകുന്നതിന് പുറമെയാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കൽ യാത്രക്കാർക്ക് ശിക്ഷയായി മാറുന്നത്. പുറത്ത് 300 മുതൽ 500 രൂപ വരെ ഈടാക്കുന്ന ടെസ്റ്റിന് 2490 രൂപയാണ് കണ്ണൂർ എയർപോർട്ടിൽ നൽകേണ്ടത്. ആഭരണങ്ങൾ പണയം വച്ചും പലരിൽ നിന്നും കടം വാങ്ങിയുമൊക്കെയാണ് ജോലി സ്ഥലത്തേക്ക് മടങ്ങാൻ പലരും തുക കണ്ടെത്തുന്നത്.

സർക്കാർ എയർപോർട്ടുകളിൽ കുറവ്

ഇടവേളക്ക് ശേഷം യു.എ.ഇ സെക്ടറിൽ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് എയർപോർട്ടിൽ കൊവിഡ് പരിശോധനയ്ക്കായി ആർ.ടി.പി.സി.ആർ ലാബ് സജ്ജീകരിച്ചത്.കണ്ണൂരിൽ മൈക്രോ ഹെൽത്ത് ലബോറട്ടറിസിനാണ് ഈ ചുമതല. പരിശോധന നടത്തി 15 മിനിറ്റിനകം ഫലം നൽകുന്നതിന് 3000രൂപയാണ് ആദ്യം ഈടാക്കിയിരുന്നത്. ഇത് പിന്നീട് 2490 ആയി കുറച്ചു. ഡിസംബർ 7മുതൽ പരിശോധനക്കുള്ള നികുതി ഒഴിവാക്കിയപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള എയർപോർട്ടുകളിൽ നിരക്ക് 1580 രൂപ മാത്രമാണ്. കരിപ്പൂർ എയർപോർട്ടിൽ ഈ തുകയാണ് ഈടാക്കുന്നത്. എന്നാൽ കണ്ണൂർ,​ നെടുമ്പാശ്ശേരി,​ തിരുവനന്തപുരം എയർപോർട്ടുകൾ സ്വകാര്യമേഖലയിലായതിനാൽ നികുതി കുറച്ചതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.

ആർ.ടി.പി.സി.ആർ നിരക്ക്

പുറത്തുള്ള ലാബുകളിൽ ₹ 500

കണ്ണൂർ എയർപോർട്ടിൽ ₹2490

കരിപ്പൂർ എയർപോർട്ട് ₹1580

എയർപോർട്ടിലേക്ക് യൂത്ത് ലീഗ് മാർച്ച്

പി.സി ആർ പരിശോധനയുടെ പേരിൽ പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് എയർപോർട്ടിലേക്ക് മാർച്ച് നടത്തി. മാർച്ച് എയർപോർട്ട് കവാടത്തിൽ പൊലീസ് തടഞ്ഞു, സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും റാഫി മട്ടന്നൂർ നന്ദിയും പറഞ്ഞു.