ചക്കരക്കൽ: ചെമ്പിലോട് -പെരളശേരി ഗ്രാമ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രധാന ടൗണുകളിലൊന്നായ വെള്ളച്ചാലിൽ ശൗചാലയമില്ലാത്തത് യാത്രക്കാരെ നെട്ടോട്ടമോടിക്കുന്നു. തലശേരി, ചക്കരക്കൽ, കണ്ണൂർ ഭാഗങ്ങളിൽ പോകുന്നതിനായി സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നിത്യേന നൂറു കണക്കിനാളുകൾ വന്നുപോകുന്ന ചെറു നഗരമാണിത്. മൂന്ന് ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, അക്ഷയ കേന്ദ്രം, മാവേലി സ്റ്റോർ, ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവയടക്കം പ്രവർത്തിക്കുന്നുണ്ട്. നൂറിലേറെ കടകളിലെ വ്യാപാരികളും ജീവനക്കാരുമടക്കം വലിയൊരു വിഭാഗമാളുകൾ വേറെയുണ്ട്.
ഇതു കൂടാതെ അൻപതോളം പേർ സർവീസ് നടത്തുന്ന ഓട്ടോ- മിനി വാൻ സ്റ്റാൻഡും വെളളച്ചാൽ നഗരത്തിലുണ്ട്. ദക്ഷിണാമൂർത്തി സ്വാമിയുടെ മ്യൂസിയം ഉൾപ്പെടെയുള്ളവകൊണ്ടും പ്രശസ്തമായ വടക്കൻ കേരളത്തിലെ പ്രധാന ഹനുമാൻ ക്ഷേത്രമായ മക്രേരി ശ്രീ ആജ്ഞനേയ സ്വാമി ക്ഷേത്രത്തിലേക്ക് പോകണമെങ്കിലും വെള്ളച്ചാലിലൂടെ വേണം കടന്നുപോകാൻ. ഡിസംബറിൽ നടക്കാറുള്ള സംഗീതാരാധനാ യജ്ഞത്തിൽ പങ്കെടുക്കാൻ ദൂരദേശങ്ങളിൽ നിന്നു പോലും സകുടുംബം നൂറു കണക്കിന് സംഗീത പ്രേമികളാണെത്തുന്നത്.
ഗതിമുട്ടിയാൽ സന്മനസ് തേടും
സ്ത്രീ തൊഴിലാളികൾ ഗതിമുട്ടിയാൽ റോഡരികിലുള്ള വീട്ടുകാരുടെ സന്മനസ് തേടുകയാണ്. ഇരിവേരി, ഐവർകുളം, കുഴിക്കിലായി, മക്രേരി, ബാവോഡ്, കിലാലൂർ എന്നിവടങ്ങളിലെ ആളുകൾ ഏതൊരു ആവശ്യത്തിനും എത്തിച്ചേരുന്ന ചെറു നഗരമാണിത്. വെള്ളച്ചാലിൽ ശൗചാലയം പണിയണമെന്നത് ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്. ഇരു ഗ്രാമ പഞ്ചായത്തുകളും ബഡ്ജറ്റിൽ ഇതിനായി പല തവണ പദ്ധതികൾ കൊണ്ടുവന്നുവെങ്കിലും ഒന്നും നടപ്പിലായില്ല. സ്ഥലം ലഭിക്കാത്തതാണ് ഇതിനു കാരണമായി അധികൃതർ പറയുന്നത്.
വെള്ളച്ചാലിൽ ശൗചാലയം പണിയാത്തത് ഇരു ഗ്രാമ പഞ്ചായത്തുകളുടെയും ഭാഗത്തു നിന്നുള്ള കടുത്ത അനാസ്ഥയാണ്. ഇതിനായി സ്ഥലം ലഭിക്കുകയല്ല, അടിയന്തരമായി കണ്ടെത്തുകയാണ് വേണ്ടത്. ഇരു പഞ്ചായത്തുകളും അടിയന്തര നടപടി സ്വീകരിക്കാൻ തയ്യാറാകണം.
ഷമേജ് പെരളശ്ശേരി,
(ചക്കരക്കൽ ബ്‌ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്)
ശൗചാലയം പണിയുന്നതിനായി സ്ഥല ലഭ്യതയാണ് പ്രശ്‌നം. ഗ്രാമീൺ ബാങ്കിനടുത്ത് പൊതുമരാമത്ത് ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകിട്ടാൻ നിവേദനം നൽകിയിട്ടുണ്ട്. ജനങ്ങളുടെ പ്രയാസം ഉടൻ പരിഹരിക്കും.
എം.പി സമീർ (പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം)