നീലേശ്വരം: അജ്ഞാതവാഹനത്തിന്റെ ടാങ്കർപൊട്ടി റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. മടിക്കൈ-നീലേശ്വരം -കോൺവെന്റ് ജംഗ്ഷൻ മെക്കാഡം റോഡിൽ ചിറപ്പുറത്തെ ഡോ. ഹരിദാസ് വെർക്കോട്ടിന്റെ ക്ലിനിക്ക് മുതൽ കോൺവെന്റ് ജംഗ്ഷൻവരെയാണ് ഓയിൽ ഒഴുകിയത്. ചിറപ്പുറം വളവിലും പുതിയപറമ്പത്ത് കാവ് പരിസരത്തുമാണ് കൂടുതൽ ഓയിൽ ഒഴുകിയത്. റോഡിൽ ഓയിൽ ഒഴുകിയതറിയാതെ ഇരുചക്രവാഹനങ്ങളിൽ വന്ന യാത്രികരാണ് തെന്നിവീണ് അപകടത്തിൽപ്പെട്ടത്. വലിയവാഹനങ്ങളും തെന്നിപ്പോയെങ്കിലും അപകടമുണ്ടായില്ല.
സാരമായി പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരായ മടിക്കൈയിലെ സതീഷ്, ഭാര്യ വിനീത, നീലേശ്വരത്തെ നിഷ, ബങ്കളത്തെ ജ്യോതിഷ് എന്നിവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് നിരവധിപേർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് റോഡിൽ ഓയിൽ ഒഴുകിയനിലയിൽ കണ്ടത്. ഏത് വാഹനത്തിന്റെ ടാങ്കറിൽനിന്നാണ് ഓയിൽ റോഡിലേക്ക് ഒഴുകിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞയുടൻ മുൻസിപ്പൽ കൗൺസിലർമാരായ കെ.വി. ശശികുമാർ, ഇ. അശ്വതി, നീലേശ്വരം എസ്.ഐ പി.വി. സതീശൻ തുടങ്ങിയവർ സ്ഥലത്തെത്തി. എസ്.ഐ വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടുനിന്ന് ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം ചീറ്റി റോഡിൽ ഒഴുകിയ ഓയിൽ വൃത്തിയാക്കി.
റോഡിൽ ഒഴുകിയ ഓയിൽ ഫയർഫോഴ്സ് അധികൃതർ കഴുകിക്കളയുന്നു