photo
യൂത്ത് കോൺഗ്രസ് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

പഴയങ്ങാടി: മാടായിപ്പാറയിൽ സിൽവർലൈനിന്റെ കല്ല് പിഴുത ചിത്രം പങ്കുവച്ച് കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് കോൺഗ്രസ് കല്യാശേരി മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിലിനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ചായിരുന്നു പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. സ്റ്റേഷന് നൂറു മീറ്റർ അകലെ കെ.എസ്.ടി.പി റോഡിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ സമരക്കാർക്ക് നേരെ മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.

മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് സമരക്കാർ മുഴക്കിയത്. മാർച്ച് തടയുന്നതിനായി വൻസന്നാഹമാണ് പൊലീസ് ഒരുക്കിയത്. പഴയങ്ങാടി,പയ്യന്നൂർ,പെരിങ്ങോം,ചെറുപുഴ,പരിയാരം തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള അമ്പതോളം പൊലീസുകാർ ഇവിടേക്ക് എത്തിയിരുന്നു.പയ്യന്നൂർ ഡിവൈ.എസ് .പി കെ.ഇ.പ്രേമചന്ദ്രനും സ്ഥലത്തുണ്ടായിരുന്നു.

യൂത്തു കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സന്ദീപ് പാണപ്പുഴ, രാഹുൽ,കെ.ഇ.റായിബ്, വിജേഷ് ചൂട്ടാട്, എ.വി.സനൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. മാർച്ചിനെ തുടർന്ന് പഴയങ്ങാടി പിലാത്തറ കെ.എസ്.ടി.പി റോഡിൽ ഗതാഗതം തടസ്സപെട്ടു.