gulf

വിമാനം കയറുമ്പോഴും ഇറങ്ങുമ്പോഴും ആർ.ടി.പി.സി.ആർ ;നാട്ടിലെത്തിയാൽ ഏഴുദിവസം ക്വാറന്റൈൻ

കണ്ണൂർ :വിദേശത്തു നിന്നെത്തുന്നവർ നാട്ടിൽ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ ഗതികെട്ട് പ്രവാസികൾ. ചുരുക്കം ദിവസത്തിന്റെ അവധിയിൽ കഷ്ടപ്പെട്ട് നരകയാതന അനുഭവിച്ച് നാട്ടിലെത്തുന്ന തങ്ങളോട് ഈ ക്രൂരത കാട്ടണോയെന്നാണ് ഇവരുടെ ചോദ്യം.

ഗൾഫിൽ നിന്ന് വിമാനം കയറുമ്പോൾ പി.സി. ആർ പരിശോധനയും വിമാനത്താവളങ്ങളിലെ പരിശോധനയും കഴിഞ്ഞ് നെഗറ്റിവായി വീട്ടിലെത്തിയാലും തങ്ങൾ ക്വാറന്റൈനിൽ കഴിയണമെന്നതിന്റെ യുക്തിയാണ് പ്രവാസിസമൂഹം ചോദ്യം ചെയ്യുന്നത്. ആകെ പത്ത് ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്നവർ ഒരാഴ്ച ക്വാറന്റീനും കൂടിയായാൽ പിന്നെന്തിനാണ് നാട്ടിലേക്ക് വരുന്നതെന്നും ചോദ്യമുയരുന്നു.

സാമൂഹിക അകലത്തിന്റെ കണിക പോലും പാലിക്കാത്ത പൊതുചടങ്ങുകളിലും മറ്റു ആഘോഷ പരിപാടികളിലും പങ്കെടുക്കുന്നവർക്കില്ലാത്ത നിയന്ത്രണം തങ്ങളുടെ മേൽ കെട്ടിവെക്കാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നാണ് ഇവരുടെ പരാതി.

ഇന്ത്യയുടെ പത്തിലൊന്ന് കേസുകൾ മാത്രം

ഇന്ത്യയിൽ ഒരു ലക്ഷത്തിലേറെ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താൽ പത്തിലൊന്ന് കേസ് മാത്രമാണുള്ളത്. കൊവിഡ് കുറഞ്ഞ രാജ്യത്തു നിന്നും കൂടിയ രാജ്യത്തേക്ക് വരുന്നവർക്ക് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നാണ് പ്രവാസികളുടെ പരാതി.

വിമാനങ്ങളിൽ നിന്നോ വിമാനത്താവളങ്ങളിൽ നിന്നോ കൊവിഡ് പടരുമെന്ന ഒരു ശാസ്ത്രീയ പഠനവും ഇല്ലാത്ത സ്ഥിതിക്ക് പ്രവാസികൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം പുനപരിശോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

പ്രതിസന്ധികളിൽ നാടിനൊപ്പം നിന്നവർ

പ്രളയകാലത്ത് നാടിനായി വലിയ സഹായങ്ങൾ ചെയ്ത പ്രവാസിസമൂഹമാണ് നാട്ടിൽ എത്തുമ്പോൾ കൊവിഡിന്റെ പേരിൽ അനാവശ്യമായ നിയന്ത്രണങ്ങളിൽ പെട്ട് സ്വന്തം നാടിനെ ശപിക്കുന്നത്. നിയന്ത്രണം അനിവാര്യമെങ്കിലും ശാസ്ത്രീയത ഒട്ടുമില്ലാത്ത നിയന്ത്രണങ്ങളോട് ഇവർ എതിർപ്പ് രേഖപ്പെടുത്തുകയാണ്. കേരളത്തിലെ എയർപോർട്ടുകളിൽ ആർ.ടി.പി.സി.ആറിന് പുറത്തുള്ളതിന്റെ അഞ്ചിരട്ടി തുക ഈടാക്കുന്നതും പ്രവാസികളെ ചൊടിപ്പിക്കുന്നുണ്ട്.