തളിപ്പറമ്പ്: വലയിൽ കുടുങ്ങിയ അണലികളെ രക്ഷിച്ചു. പാലകുളങ്ങര സി.വി. പ്രസന്നയുടെ വീട്ടുപറമ്പിൽ വലിച്ചെറിഞ്ഞ പഴകിയ പ്ലാസ്റ്റിക് വലയിലാണ് രണ്ടര അടി നീളമുള്ള ആൺ- പെൺ അണലികൾ അകപ്പെട്ടത്. വീട്ടുകാർ വിവരം വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ അംഗീകൃത റെസ്‌ക്യൂവേഴ്സ് അനിൽ തൃച്ചംബരം, വിജയ് നീലകണ്ഠൻ എന്നിവർ വല മുറിച്ചുമാറ്റി പാമ്പുകളെ രക്ഷപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

പറമ്പിൽ വലയിൽ കുടുങ്ങിയത് കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ മുറിവേറ്റ് അടുത്ത ദിവസം പാമ്പുകൾ ചത്തുപോയേനെ. ഇണ ചേരാനിറങ്ങിയ പാമ്പുകളാണ് വലയിൽപ്പെട്ടതെന്ന് റെസ്‌ക്യൂവേഴ്സ് അംഗങ്ങൾ പറഞ്ഞു.